ദ്വീപ് പൊലീസ് തേടിയെത്തി, ഗാലിയക്ക് നാട്ടിലേക്കുള്ള വഴി തുറന്നു

ചാലിയം: ലോക്ഡൗണിൽ കുടുങ്ങിയ ലക്ഷദ്വീപുകാരിയെ നാട്ടിലെത്തിക്കാൻ ദ്വീപ് പൊലീസെത്തി. 70 ദിവസമായി ചാലിയം വട്ടപ്പറമ്പിലെ കൂട്ടുകാരികളായ നയനയുടെയും ഹുദ മർയമിൻെറയും വീടുകളിലായിരുന്നു കൽപേനി ദീപുകാരിയായ ഗാലിയ. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ പരിശീലനത്തിലായിരുന്നു മൂവരും. കോവിഡ് ഭീതിയെ തുടർന്ന് മാർച്ച് 10ന് സ്ഥാപനവും 15ന് ഹോസ്റ്റലും അടച്ചതോടെ മറ്റുള്ളവരെപ്പോലെ ഗാലിയക്ക് നാട്ടിൽ പോകാനായില്ല. അപ്പോഴാണ് കൂട്ടുകാരികൾ അവളെ തങ്ങളോടൊപ്പം ചാലിയത്തേക്ക് കൊണ്ടുവന്നത്. മാർച്ച് 31 വരെ പ്രഖ്യാപിക്കപ്പെട്ട അവധിനാളുകൾ ഇരുവരുടെയും വീടുകളിൽ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് തിരിച്ചുപോകാമെന്നായിരുന്നു തീരുമാനം. എന്നാൽ, ഒരാഴ്ച കഴിഞ്ഞതോടെ രാജ്യമാകെ സമ്പൂർണ അടച്ചുപൂട്ടലിലേക്കു മാറി. ഹോസ്റ്റലിലേക്കോ നാട്ടിലേക്കോ തിരിച്ചുപോകാനായില്ല. ഒരു മാസം നയനയോടൊപ്പവും തുടർന്ന് ഹുദയോടൊപ്പവും താമസിക്കുകയായിരുന്നു. മകൾ സുരക്ഷിതമായിരിക്കുന്നതിൽ ദ്വീപിലുള്ള രക്ഷിതാക്കൾ ആശ്വാസം കൊള്ളുമ്പോഴും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. ഇതിനിടെ ജൂലൈ 26ന് ഇപ്പോൾ തീരുമാനിച്ചിട്ടുള്ള നീറ്റ് പരീക്ഷാകേന്ദ്രം ദ്വീപിലേക്ക് മാറ്റുകയും ചെയ്തു. ലക്ഷദ്വീപ് പൊതുമരാമത്ത് വിഭാഗത്തിൽ എൻജിനീയറായ പിതാവ് ജലീലും മാതാവ് ഫരീദയും പലരെയും ബന്ധപ്പെടുന്ന കൂട്ടത്തിൽ എറണാകുളത്ത് ദ്വീപ് പൊലീസ് സി.ഐയായ നൂർ മുഹമ്മദുമായും ബന്ധപ്പെട്ടു. അദ്ദേഹം എസ്.പി നിധിൻ വത്സൻ ഐ.പി.എസുമായി കാര്യങ്ങൾ ചർച്ച ചെയ്തശേഷം പൊലീസ് വാഹനത്തിൽ കൊച്ചിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം സേനാംഗങ്ങളായ വി. പ്രകാശ് കുമാർ, എസ്. സുകേഷ് എന്നിവർ ചാലിയത്ത് വന്ന് ശനിയാഴ്ച രാവിലെ എറണാകുളത്ത് ലക്ഷദ്വീപ് െഗസ്റ്റ്ഹൗസിലെത്തിച്ചു. ഇവിടെ കോവിഡ് പരിശോധനയടക്കം നടപടിക്രമങ്ങൾ പൂർത്തികരിച്ച് പ്രത്യേക കപ്പലിൽ കൽപേനിക്ക് രണ്ടു ദിവസത്തിനകം പുറപ്പെടും. രണ്ടര മാസത്തോളം തങ്ങളോടൊപ്പം കഴിഞ്ഞ കൂട്ടുകാരിയെ കണ്ണീർ പൊഴിച്ചാണ് ഹുദയും നയനയും യാത്രയയച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ വടക്കെ കൊട്ടലത്ത് അബ്ദുൽ സത്താറിൻെറയും എ.പി. മുബീനയുടെയും മകളാണ് ഹുദ. തദ്ദേശ വകുപ്പിൽ ഡ്രൈവറായ തിരുമലമ്മൽ കളരിക്കൽ സുരേഷ് കുമാറിൻെറയും രത്നപ്രഭയുടെയും മകളാണ് നയന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.