കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് മാസം 3000 രൂപ വീതം നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സാമൂഹികനീതി വകുപ്പ് മഴവില്ല് പദ്ധതിയിലൂടെ നടപ്പാക്കുന്ന ട്രാൻസ് വിമൻ കെയർ ആൻഡ് ഷോർട്ട് സ്റ്റേ ഹോം 'സ്നേഹക്കൂടിൻെറ' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ശസ്ത്രക്രിയക്കുശേഷം ആവശ്യമായ കാലയളവ് വരെ തുക നൽകാനാണ് ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ടു ലക്ഷം രൂപ നൽകാനുള്ള പദ്ധതിയും തുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് വരുന്നവർക്ക് തുക അനുവദിച്ചുകൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡേഴ്സിന് കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ ക്ലിനിക്കുകൾ ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ സർജറിയും ആരംഭിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവൂർ ഇരിങ്ങാടൻ പള്ളിയിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അടിയന്തര സാഹചര്യങ്ങളിൽ പെട്ടുപോകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഈ ഹ്രസ്വകാല താമസസൗകര്യം ഗുണം ചെയ്യും. പുനർജനി കൾചറൽ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. കോവൂർ ഇരിങ്ങാടൻ പള്ളിയിലാണ് സ്നേഹക്കൂട് പ്രവർത്തിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. കലക്ടർ സാംബശിവറാവു വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ വിദ്യാ ബാലകൃഷ്ണൻ, സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ്, ബീച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഉമ്മർ ഫാറൂഖ്, ശീതൾ ശ്യാം, നഗ്മ സുസ്മി, പുനർജനി, സിസിലി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.