ബേപ്പൂർ: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭൗമ പഠനത്തിൻെറ ഭാഗമായി നോർത്ത് ബേപ്പൂരിലെ കയ്യടിത്തോട് കിൻഫ്രക്ക് സമീപം ഭൂമിക്കടിയിലെ മണ്ണ് ശേഖരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. വൈശ്യംപുറത്ത് പ്രകാശൻെറ ഉടമസ്ഥതയിലുള്ള നമ്പാല വള്ളുപറമ്പിലാണ് 30 അടി താഴ്ചയിൽ കുഴിയെടുത്ത് മണ്ണിൻെറ സാംപിളുകൾ ശേഖരിക്കുന്നത്. കോഴിക്കോട് നഗരപരിധിയിലെ 30 ചതുരശ്ര കിലോമീറ്ററിൽ പെട്ട പ്രദേശത്തെ ബേപ്പൂർ, മാവൂർ, കുന്ദമംഗലം, കാപ്പാട് ബീച്ച് എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് മണ്ണ് ശേഖരണം നടത്തുന്നത്. മണ്ണ് ശേഖരണത്തിനു ശേഷം പരിശോധനയും പഠനവും നടത്തും. ഭൂകമ്പം ഭൗമപാളിയെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് മുഖ്യമായും പഠനവിധേയമാക്കുക. നാലു മേഖലകളിലെ മുപ്പതോളം ഭാഗങ്ങളിലായി ഇത്തരത്തിൽ മണ്ണിൻെറ സാംപിളുകൾ ശേഖരിക്കുന്നുണ്ട്. ഭൗമപാളിയുടെയും ശിലകളുടെയും പ്രത്യേകതകളും പരിശോധിക്കും. ഭൂമിയുടെ അടിത്തട്ടിലെ ഘടനയിലെ മാറ്റങ്ങൾ, മണ്ണിൻെറ സ്വഭാവം എന്നിവയും പഠനവിധേയമാക്കുന്നുണ്ട്. ഇതിലൂടെ ചെറുതും വലുതുമായ ഭൂമികുലുക്കങ്ങൾ പ്രദേശത്തെ വാസസ്ഥലങ്ങളെയും കെട്ടിടങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിൻെറ റിപ്പോർട്ട് തയാറാക്കും. ഓരോ പ്രദേശത്തും പരമാവധി എത്ര നിലയുള്ള കെട്ടിടങ്ങൾ നിർമിക്കാമെന്നതിനും കൃത്യതയുണ്ടാക്കും. ഇവിടെനിന്ന് ശേഖരിക്കുന്ന മണ്ണ് മിനിസ്ട്രി ഓഫ് മൈൻസിൻെറ കീഴിൽ പ്രവർത്തിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഹൈദരാബാദിലെ ലബോറട്ടറിയിലാണ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.