പ്രളയബാധിതരുടെ പുനരധിവാസത്തിന് സകാത്​ സംവിധാനവും ഉപയോഗപ്പെടുത്തണം -എം.ഐ. അബ്​ദുൽ അസീസ്

* ജമാഅത്തെ ഇസ്ലാമി പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു താമരശ്ശേരി: സകാത് സംവിധാനവും പ്രളയാനന്തര പുനരധിവാസത്തിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാനും തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കാനും അസുഖ ബാധിതര്‍ക്ക് ചികിത്സ നല്‍കാനുമെല്ലാമാണ് സംഘടിത സകാത് സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. മഹല്ല് സംഘടന തലത്തില്‍ ഇതിന് പദ്ധതി തയാറാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നിട്ടിറങ്ങണം. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പീപ്ള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറയില്‍ നടന്ന ശിലാസ്ഥാപന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. പീപ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി. ബഷീര്‍ പദ്ധതി വിശദീകരിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പ്രളയ ബാധിതരായ 22 കുടുംബങ്ങള്‍ക്ക് വീട്, 30ല്‍പരം വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കല്‍, നിരവധി അര്‍ഹരായ കുടുംബങ്ങള്‍ക്ക് തൊഴിലുപകരണങ്ങളും ചികിത്സ ധനസഹായവും നല്‍കല്‍ തുടങ്ങിയവയാണ് പ്രളയ ദുരിതാശ്വാസ പദ്ധതി ലക്ഷ്യംവെക്കുന്നത്. സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനം താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖും ചികിത്സ സഹായ പദ്ധതി വിതരണോദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രനും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷാഹിം, കെ.വി. അബ്ദുല്‍ അസീസ്, കനിവ് ഗ്രാമം പ്രസിഡൻറ് പി.കെ. അബ്ദുറഹിമാന്‍, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അന്‍വര്‍, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് പി.കെ. നുജൈം, ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം പ്രസിഡൻറ് ആര്‍.സി. സാബിറ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് എം. ശരീഫ എന്നിവര്‍ സംസാരിച്ചു. പുനരധിവാസ പദ്ധതി കണ്‍വീനര്‍ കെ. അഷ്‌കര്‍ അലി സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി സുബ്ഹാന്‍ ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.