ഹര്‍ത്താല്‍ പൂർണം: കടകൾ തുറന്നില്ല; വാഹനങ്ങളോടിയില്ല

കോഴിക്കോട്: പെട്രോൾ, ഡീസൽ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിൽ പൂര്‍ണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതൊഴിച്ചാൽ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഗര, ഗ്രാമ ഭേദമില്ലാതെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഒാേട്ടാ, ടാക്‌സികളും ഒാടിയില്ല. കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയില്ല. സർക്കാർ ഒാഫിസുകൾ തുറന്നെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമാണ് ജോലിക്കെത്തിയത്. കലക്ടറേറ്റിൽ 15 ശതമാനം പേരാണ് ഹാജരായത്. സ്കൂൾ, കോളജ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞുകിടന്നു. മാനഞ്ചിറയിലെ എസ്.ബി.െഎ ബ്രാഞ്ച് തുറന്നതറിഞ്ഞ് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തി​െൻറ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മുക്കം പി.സി. ജങ്ഷനിൽ വാഹനങ്ങൾ തടഞ്ഞ യു.ഡി.വൈ.എഫ് പ്രവർത്തരെ പൊലീസ് വിരട്ടിയോടിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വടകര മേഖലയിൽ ഹർത്താൽ സമാധാനപരമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജില്ലയിലെ പ്രധാന മേഖലകളിലെങ്ങും ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കെ.എസ്.ആർ.ടി.സി, റെയില്‍വേ സ്‌റ്റേഷന്‍, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽതന്നെ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. റെയിൽവേ സ്േറ്റഷനിൽ കുടുങ്ങിയവരെ പൊലീസ് അകമ്പടിയോടെ കെ.എസ്.ആർ.ടി.സി ബസിൽ മെഡിക്കൽ കോളജ്, കുന്ദമംഗലം എന്നിവിടങ്ങളിലെത്തിച്ചു. സന്നദ്ധ സംഘടനകളും ഇരുചക്രവാഹനങ്ങളിലും മറ്റും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ രംഗത്തുണ്ടായിരുന്നു. തട്ടുകടകളും മിൽമ ബൂത്തുകളുമാണ് നഗരത്തിലെത്തിയവര്‍ക്ക് ആശ്വാസമേകിയത്. ഇരുചക്രവാഹനങ്ങളും എയര്‍പോര്‍ട്ട്, വിവാഹം, ആശുപത്രി എന്നീ ബോര്‍ഡുകളുമായി പോയ വാഹനങ്ങളും എവിടെയും തടഞ്ഞിട്ടില്ല. വൈകീട്ട് ആറു മണിയോടെ ഹർത്താൽ അവസാനിച്ചെങ്കിലും ചുരുക്കം കടകളാണ് തുറന്നത്. ഒറ്റപ്പെട്ട ബസുകളാണ് സർവിസ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.