ഉരുൾപൊട്ടൽ മേഖലയിൽ വീണ്ടും കരിങ്കൽ ഖനനം

* പാറത്തോടും കൂമ്പാറയും ഭീതിയിൽ * വീടു നിർമാണ പ്രവൃത്തിക്ക് വിലക്കുള്ളപ്പോഴാണ് ക്വാറികൾക്ക് അനുമതി തിരുവമ്പാടി: പ്രളയകാലത്ത് ഉരുൾപൊട്ടൽ പരമ്പര തീർത്ത കിഴക്കൻ മലയോര മേഖലയിൽ കരിങ്കൽ ഖനനം തകൃതി. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ച് കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലാണ് കരിങ്കൽ ക്വാറികളുടെ പ്രവർത്തനം. ഉരുൾപൊട്ടൽ കാരണം വീടു നിർമാണ പ്രവൃത്തിക്കുപോലും വിലക്കുള്ളപ്പോഴാണ് ക്വാറികളുടെ പ്രവർത്തനാനുമതി. മുമ്പ് നിരവധി ക്വാറികൾ പ്രവർത്തിച്ചിരുന്ന കൂമ്പാറയിൽ രണ്ടു കി.മീ. ചുറ്റളവിലായി ഒമ്പതു സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. കൂമ്പാറ കൽപിനിയിൽ കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്. നാലു വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. ഇതെല്ലാം നടന്ന് ദിവസങ്ങൾക്കകം കൂമ്പാറയിൽ രണ്ടു ക്വാറികളാണ് ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങിയത്. മേലെ കൂമ്പാറ പുന്നക്കടവിലെ ക്വാറി പ്രവർത്തനം പാരിസ്ഥിതിക അനുമതി ഇല്ലാത്തതിനാൽ ഈയിടെ ഹൈകോടതി വിലക്കിയിരുന്നു. കക്കാടംപൊയിൽ പീടികപാറയിൽ പുതുതായി ക്വാറി തുടങ്ങാനുള്ള നീക്കമുണ്ട്. ഗ്രാമപഞ്ചായത്തി​െൻറ അനുമതി മാത്രമേ ഇൗ ക്വാറിക്ക് ലഭിക്കാനുള്ളൂവെന്നാണ് വിവരം. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് ഉൾപ്പെടുന്ന 11 ഏക്കർ സ്ഥലത്ത് എട്ടിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇവിടെ വീണ്ടും നിർമാണപ്രവർത്തനം തുടങ്ങിയപ്പോഴും ഉന്നത ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. പാർക്കിലെ അനധികൃത നിർമാണം വാർത്തയായപ്പോഴാണ് ജില്ല കലക്ടറും ഉദ്യോഗസ്ഥ സംഘവും വെള്ളിയാഴ്ച സ്ഥലപരിശോധനക്കെത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പാറത്തോടും വ്യാപകമായി ഉരുൾപൊട്ടിയിരുന്നു. പാറത്തോട് 30ഓളം ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. തൊട്ടടുത്ത കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വൻകിട കമ്പനികളുടെ ക്വാറികളുണ്ട്. കനത്ത മഴയെ തുടർന്ന് ജൂൺ 13നാണ് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ല കലക്ടർ നിർദേശിച്ചത്. സെപ്റ്റംബർ മൂന്നിന് ജില്ല വികസന സമിതി യോഗം ചേർന്നാണ് ക്വാറികൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. നിർമാണ വസ്തുക്കൾക്ക് ലഭ്യതക്കുറവുണ്ടെന്നായിരുന്നു അനുമതിക്ക് കാരണമായി അധികൃതർ പറഞ്ഞത്. ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നിഷേധിക്കാമെന്നിരിക്കെ അത്തരമൊരു നീക്കമുണ്ടായില്ല. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്വാറി ഉടമകളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽ നിർമാണത്തിന് നിയന്ത്രണം വേണമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കക്കാടംപൊയിൽ സ്വദേശിയായ വിധവക്ക് വീടി​െൻറ ഓണർഷിപ് സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തിയതിനെ തുടർന്നാണ് വിധവക്ക് വീട്ടുനമ്പർ നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയാറായത്. -നിഷാദ് കോട്ടമ്മൽ - Thiru 1: കൂടരഞ്ഞി കൂമ്പാറയിലെ കരിങ്കൽ ക്വാറികളിലൊന്ന് (ഫയൽ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.