കൂട്ടാലിട: സ്വകാര്യ കമ്പനിയുടെ കരിങ്കൽ ഖനനത്തിൽനിന്ന് പരിസ്ഥിതി ദുർബല പ്രദേശമായ ചെങ്ങോടുമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 'നമ്മുടെ ചെങ്ങോടുമല' ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ രാപ്പകൽ സമരം തുടങ്ങി. നരയംകുളം, മൂലാട്, അവിടനല്ലൂർ, കോളിക്കടവ്, പാലോളി, കോട്ടൂർ, പൂനത്ത് പ്രദേശങ്ങളിലെ നൂറു കണക്കിനാളുകളാണ് വെള്ളിയാഴ്ച രാവിലെ മുതൽ സമരപ്പന്തലിലേക്ക് എത്തിയത്. ജീവെൻറ നിലനിൽപിന് അടിസ്ഥാനമായ ചെങ്ങോടുമലയെ ഖനന മാഫിയക്ക് വിട്ടുകൊടുക്കാൻ തയാറല്ല എന്നുറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു രാപ്പകൽ സമരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രാവിലെ മുതലേ സമരത്തിൽ പങ്കാളികളായി. സമരക്കാർക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ ഒരുക്കിയിരുന്നു. ചിത്രപ്രദർശനവും നടത്തി. ചെങ്ങോടുമലയെ കുറിച്ചുള്ള കവിതകളും അവതരിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് കെ.ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചീനിക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു. പ്രഫ. ആബിദ പുതുശ്ശേരി, എം.എ. ജോൺസൺ, വിജീഷ് പരവേരി, മുഹമ്മദ് പേരാമ്പ്ര, രമേശ് കാവിൽ, ഉണ്ണികൃഷ്ണൻ തണൽവേദി, ചാലിക്കര രാധാകൃഷ്ണൻ, എൻ. ശങ്കരൻ മാസ്റ്റർ, റിഫായത്ത് കട്ടിപ്പാറ, സി.പി. ബഷീർ, സദാനന്ദൻ വാകയാട്, സി.പി. ഗോവിന്ദൻ കുട്ടി, തങ്കയം ശശികുമാർ, വി.പി. സുരേന്ദ്രൻ, നാരായണൻ കിടാവ്, ലിനീഷ് നരയംകുളം, പി.പി. പ്രദീപൻ, പ്രശാന്ത് നരയംകുളം, ഇ. ശ്രീലത, ടി.എം. കുമാരൻ, ഉഷ മലയിൽ, എൻ.ടി. ഗിരിജ, ടി. ഷാജു, ടി.കെ. രഗിൻ ലാൽ എന്നിവർ സംസാരിച്ചു. ..... കലക്ടർക്കെതിരെ പ്രതിഷേധം കൂട്ടാലിട: ചെങ്ങോടുമല ഖനന വിഷയത്തിൽ ഖനന മാഫിയക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്ന കോഴിക്കോട് ജില്ല കലക്ടർക്കെതിരെ കൂട്ടാലിടയിൽ നടന്ന ഖനന വിരുദ്ധ രാപ്പകൽ സമരത്തിൽ വൻ പ്രതിഷേധം. ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകിയത് സംബന്ധിച്ച് കലക്ടറെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ചാലിക്കര രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കലക്ടർ ചെയർമാനായ ജില്ല പാരിസ്ഥിതിക ആഘാത നിർണയ സമിതി മാനദണ്ഡങ്ങൾ മറികടന്ന് ഖനനാനുമതി നൽകി. പാരിസ്ഥിതികാനുമതി പുനഃ പരിശോധിക്കണമെന്ന് സമിതി അംഗമായ ഡി.എഫ്.ഒ ആവശ്യപ്പെട്ടിട്ടും കലക്ടർ പുനഃപരിശോധനക്ക് തയാറാവുന്നില്ല. കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാനത്തിൽ ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കാൻ ജില്ല കലക്ടർ തയാറാവണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ടി. ഷാജു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.