വയനാട്ടിലെ ഭൂമിയുടെ മാറ്റം സ്വാഭാവികം -മുരളി തുമ്മാരുകുടി

* ജില്ലയിൽ ഇനിയും പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കും * മഴയുടെ സാന്ദ്രതയും താപനിലയും വര്‍ധിക്കും കൽപറ്റ: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പല സ്ഥലങ്ങളിലുമുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ലെന്നും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി. ഭൂമികുലുക്കം പോലുള്ള സാഹചര്യങ്ങളിലാണ് കെട്ടിടം താഴ്ന്നു പോകുന്നതടക്കമുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. പ്രാദേശികമായ ഭൂമിയുടെ ചില മാറ്റങ്ങളാണ് കെട്ടിടം താഴ്ന്നു പോകാനിടയായതെന്നാണ് കരുതുന്നത്. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ജില്ലയില്‍ കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാവും. മഴയുടെ സാന്ദ്രതയും താപനിലയും വര്‍ധിക്കും. പ്രധാനമായും ജില്ല അഭിമുഖീകരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണം. മലമുകളില്‍ വീടുകളും റോഡുകളും നിര്‍മിക്കാനുള്ള സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കാന്‍ കേരളത്തിനും കഴിയണം. നവകേരള നിര്‍മാണം പഴയ കേരളത്തി​െൻറ പുനര്‍നിര്‍മാണമായിരിക്കരുതെന്നും ചിന്താഗതികളില്‍ മാറ്റം വരണമെന്നും ദുരന്തത്തെ നേരിട്ട കൂട്ടായ്മ നിലനിർത്താന്‍ മലയാളികള്‍ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമി നിക്ഷേപമായി കാണുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സുസ്ഥിര വികസനത്തിന് കേരളത്തില്‍ സാധ്യതയുണ്ട്. വീടും ഭൂമിയും നിക്ഷേപമായി കാണുന്നതാണ് പരിസ്ഥിതിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. കൃഷിഭൂമി കൃഷിഭൂമിയായി തന്നെ സംരക്ഷിക്കാന്‍ കഴിയണം. ഇതി​െൻറ മികച്ച മാതൃകകള്‍ ലോകത്ത് പലയിടത്തുമുണ്ട്. അശാസ്ത്രീയമായ നിര്‍മാണമാണ് 25 ശതമാനം കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും കാരണം. ക്വാറി ഉല്‍പന്നങ്ങള്‍ക്ക് ഡിമാൻഡ് വര്‍ധിപ്പിക്കുന്നതാണ് പ്രധാന പ്രശ്‌നം. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകള്‍ ആരും താമസിക്കാതെ പൂട്ടിക്കിടക്കുന്നുണ്ട്. ഇത് നിരുത്സാഹപ്പെടുത്തുന്നതിന് ശ്രമമുണ്ടാകണം. രണ്ടുവര്‍ഷം മുമ്പു വരെ കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ മലയാളികള്‍ വേണ്ടത്ര താൽപര്യം കാണിച്ചിരുന്നില്ല. എന്നാല്‍, പ്രളയം ഹ്രസ്വകാലത്തേക്കെങ്കിലും കേരളത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശാസ്ത്രീയ നിര്‍മാണങ്ങള്‍ക്കും വേദിയൊരുക്കും. പ്രളയകാലത്തെ കേരളത്തിലെ ഐക്യം ലോകത്തിനു തന്നെ മാതൃകയാണെന്നും യുവാക്കളുേടതടക്കമുള്ളവരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ എ.ആര്‍. അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു. WEDWDL27 കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മുരളി തുമ്മാരുകുടി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.