മാവോവാദി​ സാന്നിധ്യം; മലയോര മേഖലയിൽ ഭീതി പടർത്തുന്നു

ഈങ്ങാപ്പുഴ: പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ മാവോവാദി സംഘങ്ങളുടെ വരവ് പ്രദേശത്ത് ഭീതി പരത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന് പ്രദേശത്ത് പരപ്പൻപാറ സ്കറിയയുടെ വീട്ടിൽ ആയുധധാരികളായ രണ്ട് സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘം എത്തിയതാണ് അവസാനത്തെ സംഭവം. രാത്രി ഏഴരയോടെ എത്തിയ സംഘം ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷം പത്തരയോടെയാണ് മടങ്ങിയത്. ഇതിനു മുമ്പും സ്കറിയയുടെ വീട്ടിൽ ആയുധധാരികളായ മാവോവാദി സംഘം എത്തിയിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറയിൽ ഒരു വനിതയും നാല് പുരുഷന്മാരും അടങ്ങുന്ന സംഘം തിരുവോണനാളിൽ രാത്രി ഏഴു മണിക്കാണ് എത്തിയത്. കണ്ടത്തിൽ ജോസഫ് വാഴെപറമ്പിൽ ഫിലിപ്പോസ് എന്നിവരുടെ വീടുകളിലാണ് ആയുധധാരികളായ ഈ സംഘം എത്തിയത്. രണ്ടു വീടുകളിൽനിന്നും ഭക്ഷണം ഉണ്ടാക്കിക്കഴിച്ച് 11 മണിയോടെയാണ് മടങ്ങിയത്. ഇതിനിടയിൽ മൊബൈൽഫോണും ടോർച്ചും ചാർജ് ചെയ്യുകയും ചെയ്തു. പത്തു കിലോ അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമായാണ് ഇവർ മടങ്ങിയത്. കണ്ടത്തിൽ ജോസഫി​െൻറ വീട്ടിൽ കഴിഞ്ഞ േമയ് 31നും മാവോവാദി സംഘം എത്തിയിരുന്നു. അരിയും മറ്റു സാധനങ്ങളും കൂരോട്ടുപാറ അങ്ങാടിയിൽനിന്ന് പണം കൊടുത്ത് വീട്ടുകാരെകൊണ്ട് വാങ്ങിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 20ന് മൂന്ന് അംഗങ്ങളടങ്ങിയ മാവോവാദി സംഘം കോടഞ്ചേരി പഞ്ചായത്തിലെ മേലെ മരുതിലാവിൽ അന്തിപ്പറ്റ ചന്ദ്ര​െൻറ വീട്ടിലെത്തി ഭക്ഷണം കഴിച്ച് പോയി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിക്കടുത്തുള്ള ജീരകപ്പാറ, മരുതിലാവ്, കൂരോട്ടുപാറ എന്നിവിടങ്ങളിൽ 20 തവണ ആയുധധാരികളായ ഇത്തരം സംഘം എത്തിയിരുന്നു. സംഭവമറിഞ്ഞ് പൊലീസെത്തി പേരിന് അന്വേഷണം നടത്തി മടങ്ങുകയാണ് പതിവ്. െപാലീസ് ശക്തമായ നീക്കം നടത്താത്തതാണ് ഇവർക്ക് ലാഘവത്തോടെ ഇവിടങ്ങളിൽ കറങ്ങാൻ ധൈര്യം നൽകുന്നതെന്ന ആക്ഷേപം പ്രദേശത്തുകാർക്കുണ്ട്. വനാതിർത്തിയിൽനിന്ന് അധികം ദൂരത്തിലല്ലാതെ സുരക്ഷിതമായ താവളം ഇവർക്കുണ്ട് എന്നത് ഇടക്കിടെയുള്ള സന്ദർശനം വ്യക്തമാക്കുന്നു. ഈ വർഷം കനത്ത കാലവർഷവും വനത്തിനുള്ളിൽ പലയിടത്തും ഉരുൾപൊട്ടലും ഉണ്ടായെങ്കിലും ഇവർക്ക്‌ സുരക്ഷിതമായി വനത്തിൽ കഴിഞ്ഞുകൂടാനായത് മറ്റൊരു തെളിവാണ്‌. അതേസമയം മാവോവാദി സംഘവുമായി ഇടയാതെ അനുനയത്തിൽ കഴിയുന്നതാണ് സുരക്ഷിതമെന്ന നിലപാടിലാണ് പ്രേദശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.