ബേപ്പൂരിൽ ടവർ നിർമാണത്തിനിടെ പണിയായുധം വീണ്​ മൂന്നു കുട്ടികൾക്ക് പരിക്ക്

ബേപ്പൂർ: സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിന് തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ മൊബൈൽ ടവർ നിർമാണത്തിനിടെ പണിയായുധമായ സ്പാനർ താഴെ വീണ് മൂന്ന് കുട്ടികൾക്ക് പരിക്ക്. നാലാം ക്ലാസ് വിദ്യാർഥിനികളായ പുത്തൻവീട് നിയാസി​െൻറ മകൾ നാഫിദ, പടിഞ്ഞാറയിൽ ഇല്യാസി​െൻറ മകൾ ഫാത്തിമ റനിയ, ഒ.കെ. മൻസിലിൽ യൂനുസ് അസ്‌ലമി​െൻറ മകൾ ഫാത്തിമ നുഹ എന്നിവർക്കാണ് പരിക്കേറ്റത്. നാഫിദയുടെ തലക്കേറ്റ പരിക്ക് സാരമുള്ളതാണ്. മറ്റു രണ്ടു കുട്ടികളുടെ നെഞ്ചിലും തോളിലുമാണ് പണിയായുധം വീണത്. ഉച്ചഭക്ഷണത്തിനായി കുട്ടികൾ കൈകഴുകുന്നതിനിടെ പണിയായുധം ആദ്യം നാഫിദയുടെ തലയിലേക്ക് വീഴുകയും തുടർന്ന് തെറിച്ച് മറ്റു രണ്ട് വിദ്യാർഥിനികളുടെ ദേഹത്ത് പതിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അധ്യാപികമാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ അങ്ങാടിയിൽ ജനവാസ മേഖലയിലെ ഭീമൻ മൊബൈൽ ടവറി​െൻറ നിർമാണം പകുതിയോളം എത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തുള്ള നിർമാണത്തിനെതിരെ നാട്ടുകാരും വ്യാപാരികളും രാഷ്ട്രീയ സംഘടനകളും ചേർന്ന് കഴിഞ്ഞ മാസം ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധം കാരണം താൽക്കാലികമായി നിർത്തിവെച്ച പ്രവൃത്തി കോർപറേഷ​െൻറ അനുമതി രേഖകളുമായി പൊലീസ് സുരക്ഷയിൽ ബുധനാഴ്ച പുനരാരംഭിച്ചപ്പോഴാണ് അപകടം. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി ബേപ്പൂർ അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തിൽ ചെയർമാൻ ബേപ്പൂർ ടി. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു എം. മമ്മദ് കോയ, പി. സുഭാഷ്, ബി. അബ്ദുൽ ലത്തീഫ്, കെ.പി. ഹുസൈൻ, പി.എം. ഹനീഫ, റാഫി, ശിവദാസൻ, വിശ്വനാഥൻ, മനാഫ് മൂപ്പൻ എന്നിവർ സംസാരിച്ചു. ...... ബേപ്പൂരിൽ ഉച്ചവരെ ഹർത്താൽ ബേപ്പൂർ: അനധികൃത മൊബൈൽ ടവർ നിർമാണത്തിനിടെ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്ന് വിദ്യാർഥിനികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ബേപ്പൂരിൽ ഹർത്താൽ ആചരിക്കും. ടവർ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് വ്യാപാരികൾ ഉച്ചവരെ ഹർത്താൽ ആചരിക്കുന്നത്. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.