മലയോരത്തെ സുഗന്ധവിളകള്‍ ഉണങ്ങുന്നു

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ സുഗന്ധവിളകൾ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്പൂ, കൊക്കോ, കുരുമുളക് തുടങ്ങിയ വിളകൾക്കാണ് അസാധാരണ ഉണക്കം ബാധിച്ചത്. പൂവാറംതോട് മേഖലയിലാണ് വ്യാപക രോഗബാധയുള്ളത്. കാലാവസ്ഥ വ്യതിയാനം രോഗബാധക്ക് കാരണമാണോയെന്ന് സംശയിക്കുന്നുണ്ട്. വിളനാശം മേഖലയിലെ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ സുശീലഭായി, ശാരദാംബ എന്നിവര്‍ പൂവാറംതോടിലെ രോഗബാധയുണ്ടായ കൃഷിയിടങ്ങളിൽ പരിശോധന നടത്തി. കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങളിലെ മണ്ണ്, വേര് എന്നിവ പരിശോധനക്കായി സംഘം ശേഖരിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസര്‍ക്ക് സംഘം റിപ്പോർട്ട് സമര്‍പ്പിക്കും. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ ജാതിക്ക് ബാവിസ്റ്റിന്‍ എന്ന കുമിള്‍ നാശിനി രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിളകളുടെ ചുവട്ടിലൊഴിക്കാൻ നിർദേശിച്ചു. വണ്ട് തടി തുരക്കുന്ന മരങ്ങള്‍ക്ക് ഇമിഡാക്ലൊപ്രിഡ് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വൈസ് പ്രസിഡൻറ് വി.എ. നസീര്‍, ഗ്രാമപഞ്ചായത്തംഗം സണ്ണി പെരികിലംതറപ്പേൽ, മരക്കാര്‍ കൊട്ടാരത്തിൽ, കൃഷി ഓഫിസര്‍ അഞ്ജലി എ. ഹരി, അസി. കൃഷി ഓഫിസർമാരായ ഹരികുമാര്‍, മിഷേല്‍ ജോര്‍ജ് എന്നിവര്‍ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.