വ്യാപകമായി ഉരുൾപൊട്ടിയ കൂടരഞ്ഞിയിൽ കരിങ്കൽ ഖനനത്തിന് അനുമതി

* ദുരന്തത്തിൽ മരിച്ചത് രണ്ടു പേർ * ജനരോഷമുയരുന്നു * അധികൃതർ വിളിച്ച യോഗം പ്രഹസനമെന്ന് തിരുവമ്പാടി: മൂന്നു മാസത്തിനിടെ 25ഓളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയതിനെതിരെ ജനരോഷം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം ക്വാറികളുടെ പ്രവർത്തനം ജില്ലയിൽ നിർത്തിവെച്ചിട്ട് രണ്ടര മാസത്തോളമായി. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗമാണ് ജില്ലയിൽ ക്വാറികൾക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയത്. ആഗസ്റ്റ് 15ന് അർധരാത്രി കൂടരഞ്ഞി കൂമ്പാറ മേഖലയിലെ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടമാണുണ്ടായത്. കൂമ്പാറ കൽപ്പിനിയിലെ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ രണ്ടു പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആനയോട്, കൂമ്പാറ മാങ്കുന്ന്, താന്നിക്കുന്ന്, കക്കാടംപൊയിൽ, നായാടംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ ഉരുൾപൊട്ടലുണ്ടായത്. കക്കാടംപൊയിൽ വാട്ടർ തീം പാർക്ക് ഉൾപ്പെടുന്ന പതിനൊന്ന് ഏക്കർ സ്ഥലത്ത് എട്ടിടങ്ങളിലാണ് ഉരുൾപൊട്ടിയത്. 15ഓളം കരിങ്കൽ ക്വാറികളാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നേരേത്ത പ്രവർത്തിച്ചിരുന്നത്. ജനവാസകേന്ദ്രമായ കൂമ്പാറയാണ് കരിങ്കൽ ഖനനത്തി​െൻറ പ്രധാന തട്ടകം. നിലവിൽ രണ്ടു ക്വാറികൾക്കേ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അനുമതിയുള്ളൂവെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. വ്യാപക ഉരുൾപൊട്ടലി​െൻറ പശ്ചാത്തലത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ല കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ മേഖലയിൽ വിശദമായ പഠനത്തിനു ശേഷമേ കരിങ്കൽ ഖനനത്തിന് അനുമതി നൽകാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. പുതുതായി ക്വാറികൾ തുടങ്ങാനുള്ള നീക്കങ്ങളും കൂടരഞ്ഞിയിൽ സജീവമാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ക്വാറി ലോബിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും തഹസിൽദാറും ചേർന്ന് തിങ്കളാഴ്ച കൂടരഞ്ഞിയിൽ ക്വാറി പ്രശ്നം ചർച്ചചെയ്യാൻ വിളിച്ച യോഗം പ്രഹസനമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ജനപ്രതിനിധികളും ക്വാറി ഉടമകളുമാണ് യോഗത്തിൽ പങ്കെടുത്തത്. പരിസ്ഥിതി പ്രവർത്തകരെയും ഉരുൾപൊട്ടൽ ഇരകളുടെ പ്രതിനിധികളെയും യോഗത്തിന് വിളിച്ചിരുന്നില്ല. യോഗത്തിൽ ബി.ജെ.പിയും ജനാധിപത്യ കേരള കോൺഗ്രസും മാത്രമാണ് ക്വാറികൾക്ക് ഉടൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടത്. സി.പി.എം, കോൺഗ്രസ്, ലീഗ് തുടങ്ങിയ കക്ഷി നേതാക്കൾക്ക് ക്വാറികൾ ഉടൻ തുറക്കണമെന്ന കാര്യത്തിൽ ഒരേ സ്വരമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.