മാവൂർ: ഗ്രാമപഞ്ചായത്തിലേക്ക് കൂളിമാട് ജലശുദ്ധീകരണ പ്ലാൻറിൽ നിന്ന് കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതിയായി. ഇതിന് ഒരുകോടി രണ്ടു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കൂളിമാട് പമ്പിങ് സ്റ്റേഷനിലെ 72 എം.എൽ.ഡി ട്രീറ്റ്മെൻറ് പ്ലാൻറിൽ നിന്നാണ് ശുദ്ധീകരിച്ച കുടിവെള്ളം മാവൂരിന് ലഭ്യമാക്കുക. മാവൂർ പഞ്ചായത്തിെൻറ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിലവിലുള്ള ടാങ്കിലേക്കുള്ള ട്രീറ്റ്മെൻറ് പ്ലാൻറിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇതിനായി പ്ലാൻറിൽനിന്നും കരിമലയിലെ ടാങ്കിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കും. നിലവിൽ അനുവദിച്ച തുക ഇതിനാണ് വിനിയോഗിക്കുക. തുടർന്ന് നിലവിലുള്ള പൈപ്പ്ലൈൻ വഴി ശുദ്ധജലം വിതരണം ചെയ്യും. മാവൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് ഈ പദ്ധതി ആശ്വാസകരമാകും. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് എൻ.സി.പി.സി പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് വാർഡുകളിലേക്ക് സമാനമായ രീതിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചതായും എം.എൽ.എ അറിയിച്ചു. ജപ്പാൻ കുടിവെള്ളമടക്കം വന്നതോടെ കൂളിമാട് ശുദ്ധീകരണ പ്ലാൻറിൽനിന്ന് നഗരത്തിലേക്കുള്ള ജല ആവശ്യം കുറഞ്ഞിട്ടുണ്ട്. ഈ ജലം മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിൽ വിതരണം ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ ആവശ്യം എം.എൽ.എ നിയമസഭയിലും ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.