ഭീഷണിയായ പടുകൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി

മാത്തോട്ടം: മാത്തോട്ടം വനശ്രീ കോമ്പൗണ്ടിൽ മതിലിനു ചേർന്ന് റോഡിലേക്ക് വളർന്നു പന്തലിച്ച് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി. വനശ്രീ വളപ്പിലുള്ള 35 വർഷം പഴക്കമുള്ള ആറു പടുകൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച ആരംഭിച്ചത്. നാട്ടുകാരും സമീപത്തെ വ്യാപാരികളും െറസിഡൻറ്സ് അസോസിയേഷനുകളും നിരന്തരമായി ആവശ്യപ്പെട്ടതിനാലാണ് ഭീഷണിയായ മരങ്ങൾക്ക് മഴുവീണത്. രണ്ടാഴ്ച മുമ്പത്തെ ശക്തിയായ കാറ്റിൽ മാത്തോട്ടം പള്ളിക്കു മുൻവശത്തെ ഈട്ടി മരവും വിജിത്ത് ടാക്കീസിനു സമീപത്തുള്ള മരവും വീണിരുന്നു. അരക്കിണർ ബസ്സ്റ്റോപ്പിനോട് ചേർന്നുള്ള മരം, വനശ്രീ കോമ്പൗണ്ടിലെ മരങ്ങളുമടക്കം ബേപ്പൂർ വരെയുള്ള ഭാഗങ്ങളിൽ ഒരു ഡസനിൽപരം മരങ്ങൾ കടപുഴകിയും നടുമുറിഞ്ഞും റോഡിലേക്ക് വീണിട്ടുണ്ട്. വാഹനങ്ങളും കെട്ടിടങ്ങളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വനശ്രീ ഗേറ്റിനു മുൻവശത്തെ ഓട്ടോസ്റ്റാൻഡുകാരും ബസ് കാത്തുനിൽക്കുന്നവരും ഇപ്പോൾ മുറിച്ചുമാറ്റുന്ന വൻമരത്തെ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. വനശ്രീ കോമ്പൗണ്ടിലെ മുൻവശത്ത് ഇടതുവശത്ത് മതിലിനോട് ചേർന്നുനിൽക്കുന്ന സൂര്യകാന്തി എന്ന മഴമരമെന്ന ചീനിമരം, സെക്യൂരിറ്റി റൂമിനോട് ചേർന്നുനിൽക്കുന്ന പടുകൂറ്റൻ മഴമരം, വലതുഭാഗത്ത് വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മഴമരം, അപകടാവസ്ഥയിൽ റോഡിലേക്ക് തൂങ്ങിനിൽക്കുന്ന മെയ്ഫ്ലവർ, പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തി നിൽക്കുന്ന മട്ടി, വട്ട എന്ന ഉപ്പൂത്തി എന്നീ ആറ് മരങ്ങളിൽ നാലെണ്ണം പൂർണമായി മുറിക്കാനും രണ്ടെണ്ണം ഭാഗികമായി വെട്ടി ഒതുക്കാനുമുള്ള പ്രവൃത്തികൾക്കാണ് ഉത്തരവായത്. മുറിച്ച മരങ്ങൾ പിന്നീട് ലേലത്തിൽ വിൽക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ പവിത്രൻ പറഞ്ഞു. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകനായ എം.എ. ജോൺസൺ, ഡിവിഷൻ കൗൺസിലർ തുടങ്ങിയവർ അംഗങ്ങളായ ജില്ലാതല വൃക്ഷ പരിശോധന കമ്മിറ്റിയുടെ നിരീക്ഷണപ്രകാരമാണ് വനശ്രീ വളപ്പിലുള്ള ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ ഡി.എഫ്.ഒ ടിമ്പർ സെയിൽസ് എസ്റ്റേറ്റ് ഓഫിസറോട് ആവശ്യപ്പെട്ടത്. പടം : vanasree1.jpg vanasree2.jpg vanasree3.jpg മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ ഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.