പട്ടേർമാട് പുനരധിവാസം: കിസ്​വ പ്രവർത്തനം സജീവം

കടലുണ്ടി: പ്രളയത്തെ തുടർന്ന് ജീവിതം ദുഷ്കരമായ ചാലിയം പട്ടേർമാട് തുരുത്തിൽ കടലുണ്ടി തെക്കുമ്പാട് മഹല്ല് പ്രവാസി കൂട്ടായ്മയായ കിസ്വയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ സജീവം. പട്ടേർമാട് തുരുത്തിയിലെ ഒമ്പത് കുടുംബങ്ങളും പ്രളയ ദുരന്തത്തിനിരയായവരാണ്. മത്സ്യബന്ധനം തൊഴിലാക്കിയവരാണിവരിൽ ഭൂരിപക്ഷവും. മുഴുവൻ കുടുംബങ്ങൾക്കുമാണ് കിസ്‌വ ആശ്വാസമേകുന്നത്. മേൽക്കൂര പുതുക്കിപ്പണിയൽ, ചുമരുകൾ ബലപ്പെടുത്തൽ, നിലം നവീകരിക്കൽ തുടങ്ങി അടിസ്ഥാന പ്രവൃത്തികളാണ് ഏറ്റെടുത്ത് നടത്തുന്നത്. ഇത് വരെ രണ്ടു വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. പ്രവർത്തനങ്ങൾ വിലയിരുത്താൻ സംഘത്തി​െൻറ സുപ്രീംകൗൺസിൽ ചെയർമാൻ ഇബ്രാഹീം ഖലീലുൽ ബുഖാരി സന്ദർശിച്ചു. ഇവിടത്തെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണമെന്നും അതിന് സംവിധാനം ഒരുങ്ങുന്നതുവരെ കുടിവെള്ളം, വൈദ്യുതി, പ്രാഥമിക സൗകര്യങ്ങൾ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ തുരുത്ത് നിവാസികൾക്ക് ലഭ്യമാക്കാൻ നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചുറ്റുഭാഗവും വെള്ളത്താൽ ഒറ്റപ്പെട്ട തുരുത്തിലെ ജീവിതം അങ്ങേയറ്റം പരിതാപകരമാണ്. വിദ്യാർഥികൾ, രോഗികൾ എന്നിവർ ഏറെ ബുദ്ധിമുട്ടുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വില്ലേജ് ഓഫിസർ കെ. സദാശിവൻ എന്നിവരുടെ അഭ്യർഥനയെ തുടർന്നാണ് കിസ്‌വ പദ്ധതി ഏറ്റെടുത്തത്. സുപ്രീം കൗൺസിൽ അംഗങ്ങളായ ഇസ്മായിൽ അൽ ബുഖാരി, ശിഹാബുദ്ദീൻ അൽബുഖാരി, പ്രസിഡൻറ് എൻ. അബ്ദുൽ റഹ്‌മാൻ, സെക്രട്ടറി ഹസ്സൻ അലി വെള്ളോടത്തിൽ, ഷാഫി നെച്ചിക്കാട്ട്, കെ.എം. ഇസ്ഹാഖ്, എൻ. ലത്തീഫ്, ആദം ഷുഹൈബ്, വി. സലാം, വി. ഷൗക്കത്ത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോട്ടോ : kadalundi10.jpg ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും കിസ്‌വ അംഗങ്ങളും പട്ടർമാട് തുരുത്തിലെ പ്രവർത്തനം വിലയിരുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.