* 3.81 ലക്ഷം രൂപയുടെ വൈദ്യുതിയാണ് മോഷ്ടിച്ചത് തിരുവമ്പാടി: വൈദ്യുതി മോഷണത്തിൽ പിടികൂടിയ ആനക്കാംപൊയിൽ കരിമ്പിലെ വൻകിട കോഴി ഫാം ഉന്നത കോൺഗ്രസ് നേതാവിേൻറതെന്ന് ആരോപണം. മുക്കം കുമാരനെല്ലൂർ സ്വദേശി സാദിഖ് എന്നയാളുടെ ബിനാമിയിൽ പ്രമുഖ കോൺഗ്രസ് നേതാവിേൻറതാണ് ഫാം എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വ്യാഴാഴ്ച വൈകീട്ടാണ് കോഴിക്കോട്ട് നിന്നെത്തിയ ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് ലക്ഷങ്ങളുടെ വൈദ്യുതി മോഷണം പിടികൂടിയത്. തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിെൻറ പരിധിയിലുള്ളതാണ് കോഴി ഫാം. വൈദ്യുതി മോഷണം സംബന്ധിച്ച് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് സ്ക്വാഡ് പരിശോധനക്കെത്തിയത്. കെ.എസ്.ഇ.ബി.യിലെ ചില പ്രാദേശിക ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു വൈദ്യുതി മോഷണമെന്നാണ് സൂചന. 3.81 ലക്ഷം രൂപയുടെ വൈദ്യുതി മോഷണമാണ് കണ്ടെത്തിയത്. ഫാമിലേക്ക് സിംഗിൾ ഫെയ്സ് ലൈനിൽ നിന്ന് സർവിസ് വയർ ഉപയോഗിച്ച് വൈദ്യുതി വലിക്കുകയായിരുന്നു. ഫാമിലേക്ക് ത്രി ഫെയ്സ് കണക്ഷൻ നിലവിലിരിക്കെയാണ് മോഷണം. സബ്സിഡി ഇനത്തിലാണ് ഫാമിലേക്ക് വൈദ്യുതി നൽകുന്നതത്രെ. മോഷണത്തിന് 4,11,000 രൂപ പിഴ ഈടാക്കും. പിഴ അടക്കുന്നതോടെ തുടർ നിയമ നടപടി ഒഴിവായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.