പ്രിയദർശിനിക്കിത് വെറും 10 എ പ്ലസ് അല്ല; പത്തരമാറ്റ് നേട്ടം

കോഴിക്കോട്: പ്രതിസന്ധികളെ പടിക്കുപുറത്തു നിർത്തി ആത്മാർഥ പ്രയത്നം നടത്തി കല്ലുത്താൻ കടവ് കോളനിയിലെ പ്രിയദർശിനി സ്വന്തമാക്കിയത് എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉജ്ജ്വല വിജയം. മുഴുവൻ എ പ്ലസോടെ വിജയിച്ച് ഈ പെൺകുട്ടി കോളനിയുടെയൊന്നാകെ അഭിമാനമായി. കോളനിയിൽ താമസിക്കുന്ന ഓട്ടോഡ്രൈവർ മുരളിയുടെയും കർപ്പകത്തി​െൻറയും മകളായ പ്രിയദർശിനി ചാലപ്പുറം അച്യുതൻ ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ്. കോളനിയിൽ ആദ്യമായാണ് ഒരു വിദ്യാർഥി മുഴുവൻ എ പ്ലസ് നേടുന്നത്. ഫ്ലക്സ് ഷീറ്റു കൊണ്ടും പരസ്യപലക കൊണ്ടും മേൽക്കൂര മറച്ച അനേകം ഒറ്റമുറി വീടുകളാണ് കല്ലുത്താൻ കടവ് കോളനിയിലുള്ളത്. ഇത്തരമൊരു കൂരയിലാണ് പ്രിയദർശിനിയും അച്ഛനും അമ്മയും അനിയത്തി പ്രീതിയും താമസിക്കുന്നത്. കോളനിയിലെ 70ലേറെ കുടുംബങ്ങൾക്കായി ആകെയുള്ളത് 12 പൊതുകക്കൂസുകളാണ്. അടിസ്ഥാന സൗകര്യങ്ങൾ പേരിനുമാത്രം. ഇതൊന്നും കാര്യമാക്കാതെ ഈ പെൺകുട്ടി പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. കോളനിയിലെ നാലുപേരാണ് ഇത്തവണ എസ്.എസ്.എൽ.സി എഴുതിയത്. നാലുപേരും വിജയിച്ചു. സ്കൂളിൽനിന്ന് സംസ്ഥാനതലത്തിൽ അവതരിപ്പിച്ച സംസ്കൃത നാടകത്തിലും പ്രിയദർശിനി വേഷമിട്ടിരുന്നു. വിജയത്തിൽ ഏറെ അഭിമാനമുണ്ടെന്നും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് ത​െൻറ നേട്ടത്തിനു പിന്നിലെന്നും പ്രിയദർശിനി പറഞ്ഞു. പ്ലസ്ടു സയൻസ് പഠിച്ച് ഐ.ടി മേഖലയിൽ ഉന്നത ജോലി നേടാനാണ് ഈ മിടുക്കിയുടെ ആഗ്രഹം. മകളെ വേണ്ടത്ര പഠിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനതകളിൽ വിഷമിക്കുകയാണ് അച്ഛൻ മുരളി. തുടർപഠനത്തിന് സാമ്പത്തികസഹായം നൽകാൻ ആരെങ്കിലും മുന്നോട്ടുവന്നെങ്കിൽ മകളുടെ ഭാവിജീവിതം ശോഭനമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇദ്ദേഹം. ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സജിത്ത് ചെരണ്ടത്തൂർ, സംസ്ഥാനകമ്മിറ്റിയംഗം കെ.എൻ. ശ്രീകുമാർ, കെ.യു. ശശിധരൻ എന്നിവർ പ്രിയദർശിനിയെ വീട്ടിലെത്തി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.