മെഡിക്കൽ കോളജിൽ പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്ന് തീർന്നു

കോഴിക്കോട്: വൃക്കരോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യാനുള്ള മരുന്ന് (ഡയനിയൽ ഫ്ലൂയിഡ്) മെഡിക്കൽ കോളജിൽ തീർന്നതായി രോഗികളുടെ പരാതി. മെഡിക്കൽ കോളജിനു കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയിലും ന്യായവില മെഡിക്കൽ ഷോപ്പിലും ഇതിനുള്ള മരുന്ന് ലഭ്യമല്ല. ഇവിടങ്ങളിൽ ഫ്ലൂയിഡ് ചോദിച്ചെത്തുന്നവരെ നീതി മെഡിക്കൽ ഷോപ്പിലേക്കും മറ്റും പറഞ്ഞുവിടുന്ന സ്ഥിതിയാണുള്ളത്. വൃക്കരോഗിയുടെ രക്തം ശരീരത്തിനുള്ളിൽ വെച്ചുതന്നെ ശുദ്ധീകരിക്കുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ്. ഇതിനായി ഉദരത്തിൽ സ്ഥാപിച്ച കത്തീറ്ററിലൂടെ പെരിറ്റോണിയൽ കാവിറ്റിയിലേക്ക് ഡയലൈസേറ്റ് കടത്തിവിട്ട് അരമണിക്കൂറിനകം തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഹീമോഡയാലിസിസിൽനിന്ന് വ്യത്യസ്തമായി ഏറെപ്പേർക്കും ദിവസേന ചെയ്യേണ്ട ഡയാലിസിസാണിത്. ഒരുദിവസം തന്നെ ഒന്നിലധികം തവണ ചെയ്യേണ്ടതായും വരും. രോഗത്തി​െൻറ തീവ്രതക്കനുസരിച്ച് 1.5, 2.5 തുടങ്ങിയ ഡോസുകളിലാണ് ഇത് ലഭ്യമാവുന്നത്. നിരവധിയാളുകളാണ് മെഡിക്കൽ കോളജിൽ ഓരോ ദിവസവും പെരിറ്റോണിയൽ ഡയാലിസിസിന് വിധേയമാവുന്നത്. ആശുപത്രിയിൽവെച്ച് ചെയ്യുന്നതിനു പുറമേ സ്വന്തം വീട്ടിൽവെച്ച് ഡയാലിസിസ് ചെയ്യാനും നിരവധിയാളുകൾ ഇവിടെനിന്ന് മരുന്ന് വാങ്ങിക്കൊണ്ടുപോവുന്നുണ്ട്. നിരവധി രോഗികളാണ് മരുന്ന് കിട്ടാത്തതുമൂലം പ്രയാസപ്പെടുന്നത്. ആർ.എസ്.ബി.വൈ ചികിത്സ പദ്ധതിയുടെ കീഴിലാണ് അർഹരായ രോഗികൾ ന്യായവില മെഡിക്കൽ ഷോപ്പിൽനിന്ന് ഡയനിയൽ ഫ്ലൂയിഡ് വാങ്ങുന്നത്. എന്നാൽ, കഴിഞ്ഞദിവസം ഷോപ്പിൽ മരുന്ന് സ്റ്റോക് തീരുകയായിരുന്നു. ഇതേതുടർന്ന് കാരുണ്യയിലേക്കാണ് രോഗികളെല്ലാം ഈ മരുന്ന് തേടിവന്നിരുന്നത്. ഇതോടെ കാരുണ്യയിലും കടുത്ത ക്ഷാമം നേരിടാൻ തുടങ്ങി. മൂന്നുദിവസം മുമ്പ് 2.5 ഡോസേജിലുള്ള ഡയലൈസേറ്റ് തീരുകയായിരുന്നു. 1.5 ഡോസേജിലുള്ളതും ചൊവ്വാഴ്ചയോടെ തീർന്നു. ആറ് ബാഗ് ഫ്ലൂയിഡ് അടങ്ങിയ ഒരു പെട്ടിക്ക് 1200ഓളം രൂപ വിലവരും. സ്വകാര്യ മരുന്നു കടകളിൽ ഇതിനേക്കാൾ വില കൂടുതലാണ്. മരുന്ന് തീരുന്നതിനും ദിവസങ്ങൾക്കുമുമ്പുതന്നെ വിതരണ കമ്പനിക്ക് ഇ-മെയിലിൽ വിവരം നൽകിയിട്ടുണ്ടെന്ന് കാരുണ്യ ഫാർമസി അധികൃതർ അറിയിച്ചു. വിതരണം എന്ന് പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്ന് അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.