പൊട്ടിപ്പൊളിഞ്ഞ്​ നടപ്പാത: നവീകരണമാവശ്യപ്പെട്ട്​ ബീച്ചിൽ പ്രതിഷേധ സംഗമം

കോഴിക്കോട്: ബീച്ചിലെ കോര്‍പറേഷന്‍ ഓഫിസ് മുന്‍വശം മുതല്‍ സീക്വീന്‍ വരെ പൊട്ടിപ്പൊളിഞ്ഞ നടപ്പാത നവീകരണം വൈകുന്നതിനെതിരെ സൗഹൃദ തീരം ബീച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ബീച്ചിനു സമാന്തരമായുള്ള നടപ്പാതയും ഇരിപ്പിടങ്ങളും തകർന്നടിഞ്ഞെന്നും നവീകരണം ൈവകുന്നുവെന്നും ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത നൽകിയിരുന്നു. ഇതിനുശേഷം വിവിധ കോണുകളിൽനിന്ന് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയർന്നു. സൗത്ത് ബീച്ചിനും ഓപണ്‍ സ്റ്റേജിനുമിടിയിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ, ഇതിനിടയിൽ കോടികള്‍ ചെലവഴിച്ച് പണിത ടൈലുകളും ഗ്രാനൈറ്റുകളും ഇൻറര്‍ലോക്കുകളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇത് പ്രഭാത-സായാഹ്ന സവാരിക്കാര്‍ക്കും ഉല്ലാസത്തിനായി എത്തുന്നവര്‍ക്കും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന മരത്തി​െൻറ ഇരിപ്പിടങ്ങള്‍ പൂർണമായി തകര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ലോറിയിടിച്ച് തകര്‍ന്ന ഭാഗം പോലും ഇതുവരെ നവീകരിക്കുന്നതിനുള്ള ശ്രമമുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് വിവിധ തലങ്ങളിലുള്ള അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുപോലും നടപടികള്‍ കൈക്കൊള്ളാത്തതിനാൽ ശക്തമായ പ്രതിഷേധം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബീച്ചിൽ നടന്ന പ്രതിഷേധ സംഗമം കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. സൗഹൃദതീരം ബീച്ച് കൂട്ടായ്മ വൈസ് പ്രസിഡൻറ് ബി.വി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. സുല്‍ഫിക്കര്‍, എ. ശ്രീജിത്ത്, പി.വി. മുഹമ്മദ് സാലിഹ്, എം.പി. കോയട്ടി, സേതുമാധവന്‍, എ.എം. നസീർ, റഫീക്ക് വെള്ളയിൽ, കെ.വി. കുഞ്ഞിക്കോയ, സി.വി. കാബില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.