മെഡിക്കൽ കോളജ്: തൈറോയ്ഡ് അർബുദ രോഗികൾക്ക് ഇനി ഹൈഡോസ് റേഡിയോ അയഡിൻ ചികിത്സയും

കോഴിക്കോട്: മെഡിക്കൽ കോളജ് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിനു കീഴിൽ തൈറോയ്ഡ് അർബുദ രോഗികൾക്കായി ഹൈഡോസ് റേഡിയോ അയഡിൻ ചികിത്സയും വാർഡും തുടങ്ങി. തൈറോയ്ഡ് അർബുദ രോഗികളിൽ ശസ്ത്രക്രിയക്കു ശേഷം പൂർണ ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് റേഡിയോ അയഡിൻ സ്കാനിങ്ങും റേഡിയോ അയഡിൻ ചികിത്സയും ചെയ്യുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിൽ ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഈ സംവിധാനം ഒരുങ്ങിയത്. ഓരോ രോഗിക്കു വീതം ചികിത്സ തേടാവുന്ന രണ്ട് സ്പെഷലൈസ്ഡ് വാർഡുകളാണ് ഇതി​െൻറ ഭാഗമായി ഒരുങ്ങിയത്. തൈറോയ്ഡ് അർബുദ പരിശോധനകളിൽ ഉപയോഗിക്കുന്ന റേഡിയോ അയഡിൻ സ്കാനുകളിലേക്കാൾ കൂടുതൽ ഡോസിലാണ് ഹൈഡോസ് റേഡിയോ അയഡിനിലെ റേഡിയേഷൻ ചെയ്യുക. നിലവിൽ തൈറോയ്ഡ് രോഗങ്ങൾക്കുള്ള, കുറഞ്ഞ അളവിലുള്ള റേഡിയോ അയഡിൻ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭ്യമാണ്. മുംബൈയിലെ ഭാഭ ആറ്റമിക് റിസർച് സ​െൻററിൽനിന്നാണ് റേഡിയോ അയഡിൻ ചികിത്സക്കുള്ള മരുന്നുകൾ ഇറക്കുമതി ചെയ്തത്. ഏറെ വിലകൂടിയ ഈ മരുന്നുകൾ എച്ച്.ഡി.എസ് ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയിൽ ലഭ്യമാക്കിയത്. കാരുണ്യ പോലുള്ള ചികിത്സ പദ്ധതികളിലുൾപ്പെടുത്തി നിർധനരായ രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകുകയാണ് ലക്ഷ്യം. നിലവിൽ തൈറോയ്ഡ് രോഗികൾ ൈഹഡോസ് റേഡിയോ അയഡിൻ ചികിത്സക്കായി തിരുവനന്തപുരത്തെ റീജനൽ കാൻസർ സ​െൻററിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കുകയാണ് ചെയ്യുന്നത്. അർബുദ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക്, സ്വകാര്യ സ്ഥാപനങ്ങളിൽ വലിയ െചലവുവരുന്ന ഈ ചികിത്സ ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. വി.പി. അനിലകുമാരി പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകൾ നിർണയിക്കുന്ന രക്തപരിശോധനകൾ കുറഞ്ഞ െചലവിൽ വിഭാഗത്തിനുകീഴിൽ ലഭ്യമാണ്. അർബുദവും മറ്റു രോഗങ്ങളും നിർണയിക്കാനുള്ള നൂതന സംവിധാനമായ പെറ്റ് സി.ടി സ്കാനർ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. തിങ്കളാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ വാർഡും ചികിത്സയും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.