മുക്കം: കാടും പാറമേടും വിരുന്നൊരുക്കി കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽനിന്ന് ആറു കിലോമീറ്റർ സഞ്ചരിച്ചാൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലെത്താം. വനംവകുപ്പിെൻറ പരിപൂർണ സംരക്ഷണത്തോടെയാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മഴക്കാല സീസണിലാണ് വെള്ളച്ചാട്ടത്തിെൻറ യഥാർഥ ഭംഗി പകരുന്നത്. വേനൽ സീസണിൽ വെള്ളത്തിെൻറ ഒഴുക്ക് കുറവാെണങ്കിലും കുളിർമ വിട്ടൊഴിയാത്തതിനാൽ പാറകളുടെ ശിൽപഭംഗിയും കാടിെൻറ ഇരുണ്ട പച്ചപ്പുമൊക്കെ ഏറെ ഹൃദ്യമാണ്. കുളങ്ങളുടെ മാതൃകയിലുള്ള എട്ട് ഘട്ടങ്ങളാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിെൻറ സവിശേഷത. മുകൾ ഭാഗത്തെ കുഴികളിൽ നീന്തിത്തുടിക്കാം. വേനലിെൻറ കടുത്ത ചൂടിൽ പോലും ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളച്ചാട്ടത്തിന് നല്ല തണുപ്പാണ്. കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ സർക്കാർ സഞ്ചാരികൾക്ക് വേണ്ട സൗകര്യമൊരുക്കിയത് രണ്ടു വർഷം മുമ്പാണ്. മേഖലയിൽ അപകടം പതിയിരിക്കുന്ന പാറകളിൽ ടൂറിസം വകുപ്പ് വേലികെട്ടിയിട്ടുണ്ട്. പ്രത്യേക ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ഇവ തുറന്നിടൽ പതിവാണ്. ഇതുവഴിയേ മുകൾ ഭാഗത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. അതേസമയം, താഴ്ഭാഗത്തെ ഗർത്തങ്ങളിലേക്ക് ഇറങ്ങുന്നത് അപകടവുമാണ്. പാറയിലെ വഴുക്കാണ് അപകടകാരണം. കോഴിപ്പാറയുടെ മുകൾഭാഗം ശുദ്ധനീരുറവകളാൽ സമ്പന്നമാണ്. വേനലിൽ പോലും ഒരു മാറ്റവുമില്ലാതെ ശുദ്ധജലം ഒഴുകിക്കൊണ്ടിരിക്കും. ഇതാകട്ടെ, കിലോമീറ്ററുകൾ അകലെയുള്ള ഒട്ടേറെ വീടുകളിൽ പൈപ്പുകളിലൂടെയെത്തിച്ച് കുടിവെള്ളത്തിന് ഉപയോഗിക്കുന്നുണ്ട്. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും രണ്ട് ലൈഫ് ഗാർഡുകളും ഒരു പൊലീസുമടങ്ങുന്ന അഞ്ചംഗ സംഘം സഞ്ചാരികളുടെ സുരക്ഷക്കായുണ്ട്. രാവിലെ ഒമ്പതു മുതൽ അഞ്ചു മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ അവധിയാണ്. വിശേഷ അവധി ദിവസങ്ങളിലടക്കം നൂറുകണക്കിന് സഞ്ചാരികൾ സന്ദർശനം നടത്തുന്നുണ്ട്. സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടത്ര സൗകര്യമില്ലാത്തതാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിെൻറ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.