മൃഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: കണ്ണിൽ അൾസർ വന്ന നായ് മുതൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വളർത്തുജീവികളുമായി ഉടമസ്ഥർ ശനിയാഴ്ച ജില്ല മൃഗാശുപത്രിയിലെത്തി. തങ്ങളുടെ പൊന്നോമന മൃഗങ്ങൾക്ക് എന്താണസുഖമെന്നറിയാനും ചികിത്സ കിട്ടാനും വേണ്ടിയായിരുന്നു അവർ വന്നത്. മൃഗസംരക്ഷണ വകുപ്പും ജില്ല പഞ്ചായത്തും പൂക്കോട് വെറ്ററിനറി സർവകലാശാലയും ചേർന്ന് മൃഗങ്ങൾക്കായി നടത്തിയ മൾട്ടിസ്പെഷാലിറ്റി ചികിത്സ ക്യാമ്പിലാണ് നിരവധി വളർത്തുമൃഗങ്ങ‍ൾ ചികിത്സ തേടിയത്. ട്യൂമർ ബാധിച്ച നായും ഒരാഴ്ചയായി ഭക്ഷണം കഴിക്കാത്ത പൂച്ചയും തൊലിയിൽ അണുബാധ വന്ന ആടും അമിതവണ്ണത്താൽ പ്രയാസപ്പെടുന്ന ലാബ്രഡോർ നായും കാലിനു പരിക്കേറ്റ പോമറേനിയനുമുൾപ്പടെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ചികിത്സയും രോഗനിർണയവും നടത്തിയത്. ക്ലിനിക്കൽ മെഡിസിൻ, പ്രിവൻറിവ് മെഡിസിൻ, സർജറി, ഗൈനക്കോളജി എന്നീ സ്പെഷലൈസേഷനുകളിലാണ് ചികിത്സ നൽകിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തതും പുതുതായി വന്നതുമായി 50ലേറെ മൃഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. സർവകലാശാലയിൽ നിന്നുള്ള മൊബൈൽ യൂനിറ്റും സ്കാനിങ്, എക്സ്റേ ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. വെറ്ററിനറി സർവകലാശാലയിലെ ആറ് ഡോക്ടർമാരും വിദ്യാർഥികളുമുൾപ്പടെ 20 പേരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എ.സി. മോഹൻദാസ്, വെറ്ററിനറി സർവകലാശാല മാനേജ്മ​െൻറ് കൗൺസിൽ അംഗം ഡോ. ലീബ ചാക്കോ, ഡയറക്ടർ ഓഫ് ക്ലിനിക്സ് ഡോ. കെ.ഡി. ജോൺ മാർട്ടിൻ, കോഴിക്കോട് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അബ്ദുസ്സമദ്, സീനിയർ വെറ്ററിനറി ഓഫിസർ ഡോ. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ക്യാമ്പ് നടത്തുെമന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.