അപകടകരമായ സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് മുഖ്യമന്ത്രിയെ വിളിക്കാനാകണം -ജോയ് മാത്യു കോഴിക്കോട‌്: അപകടകരമായ സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവുമുണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയാണ‌് അങ്കിൾ സിനിമയിൽ പിണറായി വിജയനെ വിളിക്കുമെന്ന‌് ഒരു കഥാപാത്രത്തെക്കൊണ്ട‌് പറയിപ്പിച്ചതെന്ന‌് സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു. കാലിക്കറ്റ‌് പ്രസ‌്ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മുഖ്യമന്ത്രി ഏത‌് ദുർഘട ഘട്ടത്തിലും ആർക്കും വിളിക്കാൻ കഴിയുന്ന ഒരാളാണെന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കുക എന്നതാണ‌് ഈ സംഭാഷണത്തിലൂടെ ലക്ഷ്യമിട്ടത‌്. സ‌്ത്രീകൾ വേട്ടയാടപ്പെടുന്ന ഒരു സാഹചര്യത്തിൽ മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാൻ ഹെൽപ് െഡസ‌്ക‌് പോലുള്ള സംവിധാനങ്ങൾ ഉണ്ടാകുന്നത‌് നല്ലതാണ്. മനുഷ്യനുള്ളിലെ ചെകുത്താനെയും ദൈവത്തെയും തുറന്നുകാണിക്കുന്നതാണ‌് ഈ സിനിമ. കൃഷ‌്ണകുമാർ എന്ന കഥാപാത്രമായി മമ്മൂട്ടിയെ പരിഗണിച്ചത‌് അതിലെ മുതൽമുടക്കുകൂടി ലക്ഷ്യമിട്ടാണ‌്. അവാർഡ‌് ലഭിക്കുക എന്നതാണ‌് പ്രസക്തം. അല്ലാതെ ആര‌് നൽകുന്നു എന്നതിൽ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാലത്തിനനുയോജ്യമായ വിഷയമാണ് സിനിമയിലൂടെ അവതരിപ്പിക്കാനായതെന്ന് സംവിധായകൻ ഗിരീഷ‌് ദാമോദർ പറഞ്ഞു. തെൻറ പ്രായവുമായി ഏറെ ഇണങ്ങിച്ചേരുന്ന കഥാപാത്രമാണ‌് ലഭിച്ചതെന്നും മമ്മൂക്കയുമായി അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നായിക കാർത്തിക മുരളീധരൻ പറഞ്ഞു. നടൻ കൈലാഷ‌്, നിർമാതാവ‌് സഞ‌്ജയ‌് സെബാസ‌്റ്റ്യൻ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പ്രസ‌്ക്ലബ‌് പ്രസിഡൻറ് കെ. പ്രേമനാഥ‌് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിപുൽനാഥ‌് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.