ബേപ്പൂർ ഫിഷിങ്​ ഹാർബറിൽ അനധികൃത മത്സ്യവേട്ട; അർധരാത്രിയിൽ ഫിഷറീസ് ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽപരിശോധന

ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ മിന്നൽപരിശോധന. ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി.കെ. രഞ്ജിനിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആരംഭിച്ച മിന്നൽപരിശേധന അർധരാത്രി വരെ നീണ്ടു. കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിച്ച് ചെറുമത്സ്യങ്ങളെ വളം നിർമാണത്തിനായി കയറ്റിയയക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് മിന്നൽപരിശോധന. ഇരുട്ടി​െൻറ മറവിൽ ടൺകണക്കിന് വളമത്സ്യങ്ങൾ കടത്തിക്കൊണ്ടുപോകുന്നതായുള്ള പരാതി വ്യാപകമായതോടെയാണ് ഫിഷറീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച അർധരാത്രിയോടെ ഫിഷിങ് ഹാർബറിൽ മിന്നൽപരിശോധന നടത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് ബേപ്പൂർ ഫിഷറീസ് ഹാർബറിലെത്തിയ 15ലധികം വരുന്ന ബോട്ടുകളിൽ പരിശോധന നടത്തി. ഹാർബറിൽ ഇറക്കി വെച്ച ഇരുപതോളം ബോക്സുകളിലായി സൂക്ഷിച്ച കിളി മത്സ്യങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ബേപ്പൂരില്‍നിന്നും മുനമ്പത്തുനിന്നും വളത്തിനായി മാത്രം ചെറുമീനുകളെ കയറ്റിയയക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് ബേപ്പൂരിനെക്കുറിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിട്ടും കടലിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന ചെറുമത്സ്യബന്ധനത്തിനെതിരെ നടപടിയില്ലെന്ന പരാതി വ്യാപകമായിരുന്നു. നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച് വളനിര്‍മാണത്തിന് കയറ്റിയയക്കുന്ന പ്രവൃത്തി വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും നിയമ നടപടിയും പരിശോധനയും തുടരുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യന്ത്രവത്കൃത ബോട്ടുകളുടെ വര്‍ധനയും ഈ ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആഴക്കടൽ മീൻപിടിത്തവും വർധിച്ചതിനുശേഷമാണ് മത്സ്യസമ്പത്ത് ക്രമാതീതമായി കുറഞ്ഞുവന്നത്. 5500 കോടിയുടെ സമുദ്രോൽപന്നം വര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതി​െൻറ അഞ്ചിലൊന്നോളം നിരോധിത ചെറുമീൻപിടിത്തത്തിലൂടെ നഷ്ടപ്പെടുന്നുണ്ടെന്ന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി അധികൃതരും പറയുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതോടെ കഴിഞ്ഞ ഒക്ടോബറിനുശേഷം നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. നിശ്ചിത വലുപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളെ പിടിക്കരുതെന്ന് സര്‍ക്കാറും ഫിഷറീസ് ഡിപ്പാർട്മ​െൻറും കലക്ടറും നിർദേശിച്ചിട്ടും ബോട്ടുകളുടെ കടല്‍ക്കൊള്ള ഓരോ ദിവസവും തുടരുകയാണ്. നിയമങ്ങള്‍ കാറ്റില്‍പറത്തി ട്രോളർ വലകള്‍ ഉപയോഗിച്ചാണ് ചെറുമീനുകളെ കൂട്ടത്തോടെ കോരിയെടുക്കുന്നത്. ചെറുമത്സ്യങ്ങളെ വളം നിര്‍മാണത്തിനും മറ്റും ഇതര സംസ്ഥാനത്തേക്ക് കയറ്റിയയക്കുന്ന ലോബിയാണ് ഇതിനു പിന്നില്‍. ജൈവവളങ്ങളുടെ നിര്‍മാണം, കോഴിത്തീറ്റ നിര്‍മാണം എന്നിവക്കാണ് ചെറുമീനുകളെ പ്രധാനമായും പിടിച്ച് കയറ്റി അയക്കുന്നത്. 60 മീറ്ററോളം ആഴത്തില്‍ വലവിരിച്ചാണ് ബോട്ടുകള്‍ ചെറുമീനുകളെ കോരിയെടുക്കുന്നത്. മിന്നൽപരിശോധനയിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി.കെ. രഞ്ജിനിക്ക് പുറമെ എ.എസ്.ഐ വിചിത്രൻ, സീനിയർ സിവിൽ ഓഫിസർമാരായ ബിജി, രൂപേഷ്, അനീഷ് മൂസേൻവീട്, റെസ്ക്യൂ ഗാർഡുമാരായ ഷൈജു, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.