എരുമത്തെരുവിൽ യാദവ സമുദായാംഗങ്ങൾ തമ്മിൽ സംഘർഷം

മാനന്തവാടി: മാനന്തവാടി ടൗണിൽ യാദവ സമുദായാംഗങ്ങൾ തമ്മിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് എരുമത്തെരുവ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിനു സമീപം വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി. ഇരു വിഭാഗങ്ങളിലുള്ളവരും മാനന്തവാടിയിലെ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. യാദവ സമുദായാംഗമായ എരുമത്തെരുവിലെ എം.പി. ഗോവിന്ദരാജിനും കുടുംബത്തിനും യാദവസേവ സമിതി ഭ്രഷ്ട് കൽപിച്ചതായ ആരോപണം മുമ്പ് ഉണ്ടായിരുന്നു. ഗോവിന്ദരാജി​െൻറ മകൾ സമുദായത്തിലെ മറ്റൊരു ഗോത്രത്തിൽപെട്ട യുവാവിനെ വിവാഹം ചെയ്തെന്ന് ആരോപിച്ചാണിത്. എന്നാൽ, തങ്ങൾ ആർക്കും ഭ്രഷ്ട് കൽപിച്ചിട്ടില്ലെന്ന് സമുദായ നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 27നും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഇതേതുടർന്ന് എം.പി. ഗോവിന്ദരാജ്, ഇദ്ദേഹത്തി​െൻറ മകളുടെ ഭർത്താവ് അരുൺ, സുഹൃത്ത് കൊടക്കാട് അസീസ്, അനീഷ് എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സമുദായാംഗങ്ങൾ തങ്ങളെ മർദിച്ചതെന്ന ആരോപണം പരിക്കേറ്റവർ ഉന്നയിച്ചിരുന്നെങ്കിലും സമുദായ നേതാക്കൾ ഇത് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഒരു പ്രകോപനവുമില്ലാതെ ഗോവിന്ദരാജ് ക്ഷേത്രത്തിനു സമീപമെത്തി പ്രശ്നങ്ങളുണ്ടാക്കിയെന്ന് ഒരു വിഭാഗം സമുദായാംഗങ്ങൾ പറഞ്ഞു. ഇതേതുടർന്ന് ഇരുവിഭാഗവും നടുറോഡിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് തലപ്പുഴ, തിരുനെല്ലി, വെള്ളമുണ്ട സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരുടെ സേവനം തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.