ജൈവവള നിർമാണ കേന്ദ്രത്തിലെ ദുർഗന്ധം നാട്ടുകാർ പൊലീസിനും നഗരസഭക്കും പരാതി നൽകി

മുക്കം: ജൈവവള കേന്ദ്രത്തിലെ ദുർഗന്ധം നാട്ടുകാർക്ക് ദുരിതമാകുന്നു. മുക്കം നഗരസഭയിലെ കല്ലുരുട്ടി ചെമ്പംപറ്റയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ജൈവവള നിർമാണകേന്ദ്രമാണ് പ്രദേശവാസികളെ ദുർഗന്ധം മൂലം ദുരിതത്തിലാക്കുന്നത്. മൂന്നാഴ്‌ച മുമ്പാണ് അടിവാരം സ്വദേശി ഇവിടെ വളം നിർമാണം യൂനിറ്റ് തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഭൂമി വാടകക്കെടുത്ത് താൽക്കാലിക ഷെഡ് ഉണ്ടാക്കിയാണ് വള നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത്. എല്ലുപൊടിയും ആട്ടിൻകാഷ്ഠവും ഉപയോഗിച്ചുള്ള ജൈവവളമാണ് നിർമിക്കുന്നത്. എന്നാൽ, ലൈസൻസ് ഉൾപ്പെടെ രേഖകളില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും വളത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. 40ലധികം കുടുംബങ്ങളാണ് വളം നിർമാണ കേന്ദ്രത്തിനു സമീപം താമസിക്കുന്നത്. രാത്രിയാവുന്നതോടെ ദുർഗന്ധം ഇരട്ടിയാവുന്നു. ഇക്കാരണത്താൽ പ്രദേശത്തെ മിക്ക വീടുകളിലെയും കുട്ടികളടക്കം പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കയാണ്. ദുർഗന്ധത്തെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും വളം നിർമാണം നിർത്തിെവക്കാൻ ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നുമാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നത്. ഇതോടെ പ്രദേശവാസികൾ മുക്കം പൊലീസിനും നഗരസഭക്കും ആരോഗ്യ വകുപ്പിനും പരാതി നൽകി കാത്തിരിക്കുകയാണ്. അധികൃതർ പ്രശ്നം പരിഹരിക്കുന്നിെല്ലങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.