കുടിവെള്ളക്ഷാമം രൂക്ഷം: പാമ്പിഴഞ്ഞപാറയിൽ പൊതുകിണർ മലിനമായതിനെതിരെ പ്രതിഷേധം

തിരുവമ്പാടി: കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുമ്പോഴും പാമ്പിഴഞ്ഞപാറയിലെ പൊതുകിണർ ഉപയോഗശൂന്യമായി കിടക്കുന്നത് പ്രതിഷേധത്തിന് കാരണമായി. കിണറ്റിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടതോടെയാണ് നാട്ടുകാർ കുടിനീരിനായി മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയിലായത്. ഈ വർഷവും കുടിവെള്ളത്തിനായി നിരവധിയാളുകൾ കിണർ ഉപയോഗിച്ചിരുന്നു. ഒരു മാസം മുമ്പാണ് വെള്ളത്തിൽ മഞ്ഞനിറവും എണ്ണമയവും കണ്ടത്. കുടിനീരിന് പൊതുകിണറിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾ വെള്ളത്തിനായി വലയുകയാണിപ്പോൾ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ജലം ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനഫലത്തിന് എത്രനാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതേസമയം, പരിശോധനഫലം വന്നാൽ തുടർനടപടി സ്വീകരിക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് ബദൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് കമ്മിറ്റി പാമ്പിഴഞ്ഞപാറയിൽ പ്രകടനം നടത്തി. അറഫി കാട്ടിപരത്തി, മുസ്തഫ കമാൽ, അബ്ദുഹാജി, കെ. നൗഷാദ്, അനസ്, സിയാസ്, അബ്ദുൽ ബാരി, ജംഷീർ, നിസാമുദ്ദീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.