കുന്ദമംഗലം: നാടകകലയെ നെഞ്ചോട് ചേർത്ത മലയാളം അധ്യാപകൻ ശനിയാഴ്ച പടിയിറങ്ങും. പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു അധ്യാപകൻ വി.കെ. നാരായണൻ മാസ്റ്ററാണ് സർവിസിൽനിന്ന് വിരമിക്കുന്നത്. വിദ്യാർഥികാലം മുതൽ നാടകപ്രവർത്തനത്തിലും സാംസ്കാരികപ്രവർത്തനങ്ങളിലും ശക്തമായ സാന്നിധ്യമായ ഇദ്ദേഹത്തിന് ഇൻറർ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ അരങ്ങേറിയ 'പാവക്കൂത്ത്' എന്ന നാടകത്തിലെ അഭിനയത്തിനും സംവിധാനത്തിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കൊടുവള്ളി സ്വദേശിയായ ഇദ്ദേഹം 1989ലാണ് സ്കൂളിൽ അധ്യാപകനായി ചേർന്നത്. പൂനൂർ, പന്നൂർ, മെഡിക്കൽ കോളജ് കാമ്പസ് എന്നീ സ്കൂളുകളിലും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. നാടകത്തിന് ജീവിതം തന്നെ സമർപ്പിച്ച ഇദ്ദേഹം ജോലി ചെയ്തിടത്തെല്ലാം 'മർമരം' എന്ന പേരിൽ സാംസ്കാരിക വേദി രൂപവത്കരിച്ച് താൽപര്യമുള്ള വിദ്യാർഥികളെ നാടക സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. നാടക ക്ലാസ്, നാടൻ പാട്ട്, ചിത്രപ്രദർശനം, സാംസ്കാരികപ്രവർത്തകരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമാണം, സിനിമചർച്ച തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തിയിരുന്നു. ഇപ്പോൾ സ്വദേശമായ െകാടുവള്ളിയിൽ നാടക പഠനകേന്ദ്രം രൂപവത്കരിച്ച് പ്രവർത്തനം തുടരുന്നു. 'നാടക വണ്ടി' എന്ന പുസ്തകത്തിെൻറ പണിപ്പുരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.