കോഴിക്കോടൻ കാഴ്ചകളിൽ മയങ്ങി ലോകം ചുറ്റും ബ്ലോഗർമാർ

കോഴിക്കോട്: 'ഹായ്, കാലിക്കറ്റ് ഈസ് ബ്യൂട്ടിഫുൾ!' മിഠായിത്തെരുവിൽ തിങ്കളാഴ്ച രാവിലെ വന്നിറങ്ങിയ ഒരു സംഘം വിദേശസഞ്ചാരികൾ മധുരത്തെരുവിനെ നോക്കി പറഞ്ഞു. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റുമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളിൽനിന്ന് കേരളം കാണാൻ ഇറങ്ങിത്തിരിച്ച പ്രശസ്തരായ 30 ബ്ലോഗർമാരായിരുന്നു അവർ. കേരള ബ്ലോഗ് എക്സ്പ്രസ് എന്ന പേരിൽ സംഘടിപ്പിച്ച കേരളപര്യടനത്തിലാണ് എണ്ണിയാലൊടുങ്ങാത്ത കോഴിക്കോടൻ പെരുമയിലേക്ക് ഒരു കൂട്ടം മറുനാടൻ സഞ്ചാരികൾ വന്നിറങ്ങിയത്. രാവിലെ സി.വി.എൻ കളരിയിൽനിന്ന് കളരിപ്പയറ്റ് ആസ്വദിച്ച സംഘം പിന്നീട് ഓട്ടോറിക്ഷയിൽ മിഠായിത്തെരുവിലെത്തി. ഒരുമണിക്കൂറോളം ചിത്രം പകർത്തിയും സെൽഫിയെടുത്തും തെരുവിലൂടെ ചുറ്റിനടന്ന ബ്ലോഗർമാർ പിന്നീട് ടൗൺഹാളിനു സമീപത്തെ മതിലിൽ വർണജാലം തീർത്തു. ഉരുനിർമാണത്തിലെ വിസ്മയകാഴ്ചകൾ തേടി ബേപ്പൂരിലേക്കായിരുന്നു അവരുടെ അടുത്ത യാത്ര. അവിടെനിന്ന് കടലുണ്ടിപ്പുഴയിലൂടെ താമസസൗകര്യമൊരുക്കിയ കടവ് റിസോർട്ടിലേക്ക് തോണിയാത്ര നടത്തി. വൈകീട്ട് നാലിന് സംഘം വയനാടൻ കാഴ്ചകൾ തേടിയിറങ്ങി. മാർച്ച് 18ന് തിരുവനന്തപുരത്തുനിന്നാണ് അഞ്ചാമത് കേരള ബ്ലോഗ് എക്സ്പ്രസ് പര്യടനത്തിന് തുടക്കം കുറിച്ചത്. ഏപ്രിൽ ഒന്നിന് കൊച്ചിയിൽ സമാപിക്കും. ഡി.ടി.പി.സി, കംപാഷനേറ്റ് കോഴിക്കോട്, വൺഇന്ത്യ കൈറ്റ് ടീം തുടങ്ങിയവരാണ് കോഴിക്കോട്ട് യാത്രസംഘത്തെ സ്വീകരിച്ചത്. രണ്ടാഴ്ചകൊണ്ട് കേരളത്തി​െൻറ സൗന്ദര്യകാഴ്ചകൾ ആസ്വദിക്കുന്ന സംഘം തങ്ങളുടെ അനുഭവങ്ങൾ പിന്നീട് സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വിഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.