നാദാപുരത്ത് നിർത്തിയിട്ട കാർ കത്തിനശിച്ചു; കാറിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

നാദാപുരം: ടൗണിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാർ അഗ്നിക്കിരയായി. റോയൽ കോംപ്ലക്സിനു സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം. പുളിയാവിലെ തയ്യുള്ളതിൽ സുബൈദയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 18 ടി 4777 നമ്പർ ഐ20 ഡീസൽ കാറാണ് കത്തിനശിച്ചത്. ഒമ്പതു ലക്ഷത്തിലേറെ രൂപ വിലവരുന്ന കാർ ആറു മാസം മുമ്പാണ് കമ്പനിയിൽനിന്ന് വാങ്ങിച്ചത്. സുബൈദയുടെ മകൻ നൗഫലും സുഹൃത്ത് കിഴക്കയിൽ ഇസ്മാഇൗലും കാറുമെടുത്ത് നാദാപുരത്ത് എത്തിയതായിരുന്നു. കോംപ്ലക്സിനടുത്തുള്ള പാർക്കിങ് ഏരിയയിൽ കാർ നിർത്തിയശേഷം നൗഫൽ സമീപത്തെ ടെയ്ലറിങ് കടയിലേക്ക് പോയി. ഇസ്മാഇൗൽ കാറിൽതന്നെ ഇരിക്കുകയായിരുന്നു. ഈ സമയത്ത് കാർ സ്റ്റാർട്ടിങ്ങിൽ എ.സി ഓൺ ചെയ്ത നിലയിലായിരുന്നു. കാറിനകത്ത് ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ഡോർ തുറന്ന് പുറത്തിറങ്ങിയ ഇസ്മാഇൗൽ കാറിന് തീപിടിച്ചതാണ് കണ്ടത്. ഇയാൾ ബഹളംവെച്ചതോടെ വ്യാപാരികളും നാട്ടുകാരും ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും കാറി​െൻറ മുക്കാൽ ഭാഗം കത്തിയിരുന്നു. പിന്നീട് ചേലക്കാടുനിന്നെത്തിയ അഗ്നിശമന സേന ഏറെ പാടുപെട്ടാണ് തീയണച്ചത്. കാറി​െൻറ ഡീസൽ ടാങ്കിന് തീപിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാർ നിർത്തിയതിനടുത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീ പിടിച്ചതാണ് അഗ്നിബാധക്ക് കാരണമെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.