ബൈക്ക് യാത്രികനുനേരേ ആക്രമണം; രണ്ടു പേർ അറസ്​റ്റിൽ

നാദാപുരം: ഇരിങ്ങണ്ണൂർ കല്ലാച്ചേരി കടവ് റോഡിൽ ഒറവുകണ്ടി പീടികക്ക് സമീപത്ത് ബൈക്ക് തടഞ്ഞ് സർക്കാർ ജീവനക്കാരനുനേരെ അക്രമം. മുടവന്തേരി സ്വദേശിയും താനൂർ ഗവ. കോളജ് ലൈബ്രറി ജീവനക്കാരനുമായ കാട്ടിൽ രാജീവനു( 40) നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാജീവനെ തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഠത്തിൽ നൗഷാദ്, ചോനോളി മുഹമ്മദ് എന്നിവരെയാണ് സി.ഐ എം.പി രാജേഷ് അറസ്റ്റ് ചെയ്തത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടുപേരെയും റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെ കല്യാണവീട്ടിൽ പോയി ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് ബൈക്ക് തടഞ്ഞുനിർത്തി ഇരുമ്പുവടി, ആണി തറച്ച പട്ടിക ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് രാജീവനെ ആറംഗ സംഘം ആക്രമിച്ചത്. ഇടതുകൈ ഇരുമ്പുദണ്ഡ് കൊണ്ട് തല്ലിയൊടിച്ചു. ഇരുകാലുകൾക്കും പരിക്കുണ്ട്. ഡി.വൈ.എഫ്.ഐ തൂണേരി മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. നിലവിൽ ഇരിങ്ങണ്ണൂർ പബ്ലിക് ലൈബ്രറി സെക്രട്ടറിയും ഇരിങ്ങണ്ണൂർ എൽ.പി. സ്കൂൾ പി.ടി.എ പ്രസിഡൻറുമാണ്. നാദാപുരം പൊലീസ് ആറു പേർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.