എസ്​.എഫ്.ഐ പൊലീസ്​ സ്​റ്റേഷൻ മാർച്ച്; അമ്പതോളം പേർക്കെതിരെ കേസ്​

കോളജ് വിദ്യാർഥിയെ മർദിച്ച ജൂനിയർ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച് കുറ്റ്യാടി: കാഴ്ചശേഷി കുറഞ്ഞ കോളജ് വിദ്യാർഥിയെ മർദിച്ച ജൂനിയർ എസ്.ഐക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിലെത്തിയതിനെ തുടർന്ന് അമ്പതോളം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും നടക്കുകയും പൊലീസ് വലയം ഭേദിച്ച് സ്റ്റേഷനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ നടന്ന ബലപ്രയോഗത്തിനിടയിൽ ഏരിയ കമ്മിറ്റിയംഗം രസിൽ കായക്കൊടി, ഏരിയ സെക്രേട്ടറിയറ്റ് അംഗങ്ങളായ അരുൺരാജ്, കെ.സി. ആദർശ്, കെ.സി. അൻഫാസ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ തലക്കടിയേറ്റ രസിൽ കായക്കൊടിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വഴിതടഞ്ഞ് സമരം നടത്തിയതിനാണ് കേസെന്ന് എസ്.ഐ പി.എസ്. ഹരീഷ് പറഞ്ഞു. മാർച്ച് സമാധാനപരമാകുമെന്ന് കരുതി പൊലീസ് ബാരിക്കേഡ് വെക്കാതെ വലയം മാത്രമാണ് ഉണ്ടായിരുന്നത്. എസ്.ഐക്കെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകർ വലയത്തിലേക്ക് കുതിച്ചുകയറുകയായിരുന്നു. സി.ഐ എൻ. സുനിൽകുമാർ, എസ്.ഐ പി.എസ്. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ തടഞ്ഞത്. ജില്ല ജോയൻറ് സെക്രട്ടറി അതുൽദാസ് ഉദ്ഘാടനം ചെയ്ത സമരത്തിന് ഏരിയ പ്രസിഡൻറ് ഫിദൽ റോയ്സ്, സെക്രട്ടറി എം.പി. ജിഷ്ണു, സി.കെ. അൻഫാസ്, പി.എസ്. അശ്വന്ത്, ശരൺറാം എന്നിവരാണ് നേതൃത്വം നൽകിയത്. കഴിഞ്ഞ 24ന് കുറ്റ്യാടി-വയനാട് റോഡിൽ ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ സ്ഥലത്തെത്തിയ പൊലീസ് സംഭവ സമയം ആ വഴി വന്ന മഠത്തിൽ നിയാസിനെ (24) മർദിക്കുകയായിരുന്നെത്ര. കാഴ്ചശേഷി കുറഞ്ഞയാളാണെന്നു പറഞ്ഞിട്ടും ജൂനിയർ എസ്.ഐ രാംകുമാർ മർദിച്ചെന്നാണ് പരാതി. തോളിന് സാരമായി പരിക്കേറ്റ ഇയാൾ ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മടപ്പള്ളി ഗവ. കോളജിൽ പി.ജി വിദ്യാർഥിയാണ് നിയാസ്. അതിനിടെ, ആരോപണവിധേയനായ എസ്.ഐക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എസ്.ഐ പി.എസ്. ഹരീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.