മതേതര പ്രസ്ഥാനങ്ങൾ ഒന്നിക്കണം -എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്: ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനും ജനാധിപത്യ, മതേതരമൂല്യങ്ങൾ സംരക്ഷിക്കാനും മതേതര പ്രസ്ഥാനങ്ങൾ പരസ്പരം വിട്ടുവീഴ്ച ചെയ്ത് യോജിച്ചുനിൽക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഭരണപക്ഷത്തുനിന്നുപോലും മോദിവിരുദ്ധ നീക്കങ്ങളുമായി വിവിധ കക്ഷികൾ രംഗത്തുവരുന്നത് പ്രതീക്ഷക്ക് വകനൽകുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്ന, സാമൂഹിക നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന ഭരണാധികാരികളെയാണ് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അതിനുതകുന്ന മതേതര കൂട്ടായ്മ രൂപപ്പെടണം. ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ഫാഷിസ്റ്റുകൾക്ക് അവസരം നൽകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കക്ഷികൾ അത്തരം നീക്കങ്ങളിൽനിന്ന് പിന്തിരിയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംഘടനയുടെ അടുത്ത രണ്ടുവർഷത്തെ കർമപദ്ധതികൾക്ക് എക്സിക്യൂട്ടിവ് ക്യാമ്പ് രൂപരേഖ തയാറാക്കി. സംസ്ഥാന സെക്രേട്ടറിയറ്റ്, ജില്ല പ്രസിഡൻറ്-ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഉപസമിതി ചെയർമാൻ, കൺവീനർമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ചെമ്പിരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ഇൗ മാസം 27ന് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ വിജയിപ്പിക്കാൻ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.