കരിഞ്ചോല ഉരുള്‍പൊട്ടല്‍: കൈമെയ്​ മറന്ന്​ രക്ഷാപ്രവർത്തനം

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനായി നാട് കൈമെയ് മറന്ന് രംഗത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സി​െൻറ നാല് യൂനിറ്റുകളും തൃശൂരില്‍നിന്നെത്തിയ ഇരുപതോളം ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും അവഗണിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. പാറക്കല്ലുകള്‍ക്കുള്ളിലും മണ്ണിനിടയിലും അകപ്പെട്ടവരെ കണ്ടെത്താന്‍ വൈകുന്നേരം നാലുവരെ ഒരു മണ്ണുമാന്തിയന്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ എത്തിക്കണമെന്ന നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരിടത്ത് ജോലിയിലേര്‍പ്പെട്ട ഒരുമണ്ണുമാന്തിയന്ത്രംകൂടി എത്തിക്കുകയായിരുന്നു. കോഴിക്കോട്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. അമ്പതോളം പൊലീസുകാര്‍, നഗരത്തിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച വളൻറിയര്‍മാര്‍, പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷ​െൻറ നേതൃത്വത്തിലുള്ള ഇരുപതോളം സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിവരുടെ സേവനവും ലഭ്യമാക്കി. മഴ കനത്തനാശം വിതക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ സ്ഥലത്തെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിവിധ വകുപ്പ് മേധാവികളോടാവശ്യപ്പെട്ടു. ഇനിയും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്നും അതി ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായും ജില്ല കലക്ടറും ഉത്തരവിട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.