മലമുകളിൽ തടയണ നിർമാണം; കരിഞ്ചോലയിൽ 'കറുത്ത കരങ്ങൾ'

കട്ടിപ്പാറ (കോഴിക്കോട്): ഏക്കർ കണക്കിന് പാറയടങ്ങിയ കുന്നിന് തൊട്ടുതാഴെയാണ് കരിഞ്ചോലയിൽ ഉരുൾപൊട്ടൽ അപകടമുണ്ടായ പ്രദേശം. കോഴിക്കോട് നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ദുരന്തഭൂമി. മലമുകളിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാനാവുന്ന തടയണയുടെ നിർമാണം നടക്കുകയാണ്. അപകടം നടന്ന വീടുകൾക്ക് സമീപത്തുനിന്ന് കുത്തനെ ഉയരത്തിലുള്ള മലമുകളിേലക്ക് റോഡും അടുത്തിടെ നിർമിച്ചിരുന്നു. ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ഉരുൾപൊട്ടലിന് കാരണമായതായി നാട്ടുകാർ ആരോപിക്കുന്നു. വമ്പൻ ക്വാറി തുടങ്ങാനുള്ള ശ്രമങ്ങളും നടന്നതായി നാട്ടുകാർ പറഞ്ഞു. തൊട്ടപ്പുറത്ത് മട്ടിമണൽ നിർമാണകേന്ദ്രവുമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇൗ മണ്ണുപൊടിക്കൽ കേന്ദ്രം പൂട്ടുകയായിരുന്നു. പാറകളും മലകളും നിറഞ്ഞ ഇൗ പ്രദേശം ഏതാനും വർഷമായി റിയൽ എസ്റ്റേറ്റ് മാഫിയയുടെയും മറ്റും ഇഷ്ടകേന്ദ്രമായി വളരുകയായിരുന്നു. ഉരുൾപൊട്ടലി​െൻറ പ്രഭവകേന്ദ്രമുള്ള സ്ഥലത്തി​െൻറ ഉടമകൾ അന്യനാട്ടുകാരാണ്. മലമുകളിൽ ഇൗ സ്ഥലമുടമകൾ നടത്തുന്ന പ്രവൃത്തിയെക്കുറിച്ചൊന്നും നാട്ടുകാരിൽ പലർക്കും അറിയില്ല. ക്വാറി തുടങ്ങാനുള്ള നീക്കമായിരുന്നെന്നാണ് സംശയം. റോഡ് നിർമാണവും തടയണയും ഉരുൾപൊട്ടലി​െൻറ ആഘാതം വർധിപ്പിച്ചതായി ആരോപണമുണ്ട്. സ്ഥലം ഉടമകൾക്കെതിരെ നടപടി വേണെമന്നും ആവശ്യമുയരുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശമാണെങ്കിലും ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിനിടയിൽ വീട് മാറിപ്പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അപകടത്തിൽപെട്ട ഹതഭാഗ്യർ. ടാറിട്ട റോഡ് അടക്കം സൗകര്യങ്ങളുള്ളതിനാൽ ഇവിടെതന്നെ താമസിക്കാൻ തീരുമാനിച്ചവരുമുണ്ട്. വെട്ടി ഒഴിഞ്ഞതോട്ടത്തുനിന്നുള്ള ഇൗ റോഡിൽനിന്ന് 300ലേറെ മീറ്റർ ഉയരത്തിലാണ് ആദ്യം പാറ ഇളകിയത്. ലോറിയിൽ കൊള്ളാവുന്ന വലിപ്പമുള്ള പാറക്കല്ലുകളാണ് വീടുകൾക്ക് മുകളിൽ പതിച്ചത്. പത്തു മീറ്ററോളം വീതിയിൽ നേരെ ഒലിച്ചിറങ്ങിയ മണ്ണും കല്ലുകളും പിന്നീട് രണ്ട് വഴികളിലായി തിരിയുകയായിരുന്നു. ലോഡ്കണക്കിന് മണ്ണും പാറക്കല്ലുകളും വൃക്ഷങ്ങളും പതിച്ച വീടുകളുടെ അവശിഷ്ടങ്ങൾ മീറ്ററുകൾ അകേലക്ക് ഒഴുകിപ്പോയി. പിന്നീട് രക്ഷാപ്രവർത്തകർക്ക് ഭീഷണിയായി വലിയ പാറക്കല്ലുകളും മുകൾഭാഗത്ത് വീഴാൻ പാകത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.