നിപ: പ്രത്യേകം ആശുപത്രി സജ്ജമാക്കണം

പേരാമ്പ്ര: ജില്ലയില്‍ നിപ വൈറസ് ഭീതിപടര്‍ത്തിയ സാഹചര്യത്തില്‍ പ്രത്യേക ആശുപത്രി സജ്ജമാക്കണമെന്ന് 'പേരാമ്പ്രക്കാരന്‍ ഫേസ്ബുക്ക് കൂട്ടായ്മ' സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പേരാമ്പ്രയടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് ഏത് പനിവന്നാല്‍പോലും നിപ ആണോ എന്ന സംശയത്തില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇവിടെ പനി ബാധിതരായി അനേകംപേര്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് ആക്‌സിഡൻറ്, മറ്റ് ഗുരുതര രോഗങ്ങൾ, പ്രസവം തുടങ്ങി ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി വിദഗ്ധ ചികിത്സക്ക് ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി. അവരൊക്കെ നിപ പനി ഭീതിയില്‍ എവിടെ ചികിത്സക്കു പോകണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. ഈ അവസ്ഥയില്‍ നിപ സംശയിച്ച് കൂടുതല്‍ പേര്‍ ചികിത്സക്കെത്തുന്നതിനാല്‍ നിപ ബാധിതര്‍ക്കും സംശയിക്കുന്നവര്‍ക്കും മാത്രമായി മെഡിക്കല്‍ കോളജിനെ ഒഴിവാക്കി മറ്റൊരു ഹോസ്പിറ്റല്‍ കോഴിക്കോട് സജ്ജമാക്കണമെന്നാണ് ആവശ്യം. അഡ്മിന്‍ രഞ്ജിത്ത് മലയില്‍ അധ്യക്ഷത വഹിച്ചു. സി.ടി. ബിജു, പി.എം. സന്തോഷ്, വി.പി. ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര മേഖലയിലെ മദ്യഷാപ്പുകൾ അടച്ചിടണം -കോൺഗ്രസ് പേരാമ്പ്ര: നിപ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്ലെറ്റ്, ബാർ, പരിസര പ്രദേശങ്ങളിലെ കള്ളുഷാപ്പുകൾ എന്നിവ അടച്ചിടണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, മുനീർ എരവത്ത് എന്നിവർ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ ബെവ്കോ ഷോപ്പിൽ വിവിധ പ്രദേശങ്ങളിൽനിന്നായി ദിവസേന രണ്ടായിരത്തിലേറെ ആളുകളാണ് എത്തുന്നത്. മദ്യഷാപ്പുകളിൽ രോഗം പടരാതിരിക്കാൻ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉറപ്പുവത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തയാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.