*28 കോടി രൂപയാണ് നിർമാണച്ചെലവ് തിരുവമ്പാടി: ഗവ. ഐ.ടി.ഐയുടെ നിർമാണത്തിന് 28 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചു. വ്യവസായ പരിശീലന വകുപ്പാണ് ബഹുനില കെട്ടിട സമുച്ചയത്തിെൻറ എസ്റ്റിമേറ്റ് സമർപ്പിച്ചത്. സർക്കാർ അംഗീകരിക്കുന്നതോടെ തുക ലഭ്യമാകും. ഒരുവർഷംകൊണ്ട് കെട്ടിട നിർമാണം പൂർത്തീകരിക്കാം. നേരത്തേ തിരുവമ്പാടി പാലക്കടവ് തുമ്പക്കോട് മല ചെമ്പ്രതായി പാറയിലെ 1.48 ഏക്കർ റവന്യൂഭൂമി കെട്ടിട നിർമാണത്തിനായി വ്യവസായ പരിശീലന വകുപ്പിന് കൈമാറിയിരുന്നു. കെട്ടിട നിർമാണത്തിന് സർക്കാർ അനുമതി നൽകിയതോടെയാണ് ഗവ. ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാക്കാൻ സാഹചര്യമൊരുങ്ങിയത്. തിരുവമ്പാടി ടൗണിലെ ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലും സ്വകാര്യ കെട്ടിടത്തിലുമായി വാടകക്കാണ് കഴിഞ്ഞ എട്ടു വർഷമായി ഐ.ടി.ഐ പ്രവർത്തിക്കുന്നത്. 2010ൽ ആരംഭിച്ച സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളൊന്നും താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുമൂലം ലഭിക്കുന്നില്ല. സ്വന്തം കെട്ടിടമില്ലാത്തതുമൂലം വ്യവസായ പരിശീലന വകുപ്പ് തിരുവമ്പാടി ഗവ. ഐ.ടി.ഐയുടെ പ്രവർത്തനം നിർത്തണമെന്ന് എല്ലാ വർഷവും നിർദ്ദേശം നൽകാറുണ്ട്. പ്രാദേശിക ഭരണകൂടം സമ്മർദം ചെലുത്തിയാണ് ഓരോ അധ്യയന വർഷവും പ്രവർത്തനാനുമതി നേടിയെടുത്ത് വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പ് വരുത്താറുള്ളത്. ഗവ. ഐ.ടി.ഐ തിരുവമ്പാടിക്ക് നഷ്ടമാകുന്നത് ഒഴിവാക്കാൻ ഐ.ടി.ഐ സംരക്ഷണ സമിതി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. റവന്യൂ വകുപ്പിൽനിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുള്ള സാങ്കേതിക കുരുക്ക് ഒഴിവാക്കാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജോർജ് എം. തോമസ് എം.എൽ.എയും നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.