സര്‍ക്കാര്‍ഭൂമിക്ക് വ്യാജ സ്‌കെച്ച്; പരാതി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

* ഇന്ന് വിരമിക്കുന്ന എ.ഡി.എം ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി മാനന്തവാടി: സർക്കാർഭൂമിക്ക് വ്യാജ സ്കെച്ച് നിർമിച്ച് സ്വകാര്യവ്യക്തിക്ക് ക്വാറി നടത്താൻ സൗകര്യംചെയ്തു കൊടുത്ത സംഭവത്തിൽ വയനാട് എ.ഡി.എം ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ചൊവ്വാഴ്ച വിരമിക്കുന്ന എ.ഡി.എമ്മും മുൻ അഡീഷനൽ തഹസിൽദാറുമായ കെ.എം. രാജു, മുന്‍ വില്ലേജ് അസിസ്റ്റൻറ് കെ.ടി. സുകുമാരന്‍, മുന്‍ വില്ലേജ് ഓഫിസര്‍മാരായ വി.ഒ. ചന്ദ്രന്‍, സ്റ്റാൻലി, ക്വാറി ഉടമ മാത്യു ജോസഫ്, അത്താണി ബ്രിക്‌സ് ആൻഡ് മെറ്റല്‍ കമ്പനി എന്നിവർക്കെതിരായാണ് പരാതി. വെള്ളമുണ്ട വില്ലേജിലെ വാളാരംകുന്ന് പ്രവര്‍ത്തിക്കുന്ന അത്താണി ക്വാറിയുടമക്കാണ് വ്യാജ സ്‌കെച്ച് നിര്‍മിച്ചു നല്‍കിയത്. വ്യാജ സ്‌കെച്ച് നിര്‍മിച്ച് സര്‍ക്കാര്‍ ഭൂമിയില്‍നിന്നു പാറഖനനം നടത്തുന്നതിന് കൂട്ടുനിന്നെന്നും ഇതിലൂടെ സാമ്പത്തികലാഭമുണ്ടാക്കിയെന്നും ആരോപിച്ച് സംസ്ഥാന നദി സംരക്ഷണ സമിതി സെക്രട്ടറി പി.വി. രാജനാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പരാതിനല്‍കിയത്്. കേസ് തിങ്കളാഴ്ച ഫയലില്‍ സ്വീകരിച്ചു. ആഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കും. വില്ലേജിലെ 622 ഒന്ന് എ റീസർവേ നമ്പറിലുള്ള 956 ഏക്കര്‍ റവന്യൂഭൂമിയില്‍ 1964 മുതല്‍ 1984 വരെ 593.62 ഏക്കര്‍ ഭൂമിയാണ് 293 പട്ടയങ്ങളിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയത്. ബാക്കിയുള്ള ഭൂമി ഇപ്പോഴും റവന്യൂഭൂമിയായി രേഖയിലുണ്ടെങ്കിലും ഇത് പലരും കൈവശപ്പെടുത്തി. 2009 നവംബർ 25നാണ് ഈ ഭൂമിയില്‍ പാറഖനനം നടത്തുന്നതിന് ജിയോളജി വകുപ്പിന് സമര്‍പ്പിക്കാന്‍ വെള്ളമുണ്ട വില്ലേജ് അസിസ്റ്റൻറ് സ്‌കെച്ച് നിര്‍മിച്ച് നല്‍കുന്നത്. മൂന്നു പട്ടയഭൂമികളിലായി റീസർവേ 239ല്‍ 4.15 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. എന്നാല്‍, ഇതിന് പകരമായി പരസ്പരം അതിര്‍ത്തി പങ്കിടാത്ത പട്ടയഭൂമികളുടെ സ്‌കെച്ച് കൃത്രിമമായി വരച്ച് സര്‍ക്കാര്‍ഭൂമി ഉള്‍പ്പെടെ 6.12 ഏക്കര്‍ ഭൂമിയുടെ സ്‌കെച്ചാണ് നല്‍കിയത്. ഇതോടെ, ക്വാറി ഉടമക്ക് രണ്ടേക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍നിന്നു പാറഖനനത്തിന് അവസരം ലഭിച്ചു. വില്ലേജ്്് അസിസ്റ്റൻറ് വരച്ചു നല്‍കിയ സ്‌കെച്ചില്‍ അന്നത്തെ വില്ലേജ് ഓഫിസറും അഡീഷനല്‍ തഹസില്‍ദാറും മേലൊപ്പ് ചാര്‍ത്തി ഖനനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.