കാലവർഷം: ജില്ലയിൽ 13.15 കോടിയുടെ കൃഷിനാശം

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 515 ഹെക്ടർ സ്ഥലത്തായി 13.15 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കണക്ക്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇൻഷുർ ചെയ്ത വിളകൾ നശിച്ചതിന് 10,140 കർഷകർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് കോടി ആവശ്യമാണെന്നും ഫീൽഡ് പരിശോധന നടത്തി കൃഷിനാശം തിട്ടപ്പെടുത്തി വരുകയാണെന്നും കേന്ദ്ര- സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിന് ജില്ല കലക്ടർക്കും കൃഷി ഡയറക്ടർക്കും അപേക്ഷ സമർപ്പിച്ചതായും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കാലവർഷക്കെടുതിയിൽ വീട് പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുന്നതിനും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും നടപടി ഉൗർജിതമാക്കണമെന്ന് സമിതിയിൽ ആവശ്യമുയർന്നു. താമരശ്ശേരി ചുരം റോഡ് തകർന്ന സാഹചര്യത്തിൽ വെസ്റ്റ് കൈതപ്പൊയിൽ ഏഴാം വളവ് വരെ ബൈപാസ് നിർമിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും വിശദമായ സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചതായും ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. കോട്ടയം, ആലപ്പുഴ ജില്ലയിൽ കനത്ത മഴയിൽ ദുരിതത്തിലായവർക്ക് ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ സഹായമെത്തിക്കുന്ന പദ്ധതിയിൽ നാടി​െൻറ നാനാ ഭാഗത്തുനിന്നും സഹായവുമായി ജനങ്ങൾ എത്തുന്നത് സന്തോഷമുളവാക്കുന്നതായും ജില്ലഭരണകൂടത്തി​െൻറ പ്രവൃത്തി അഭിനന്ദനമർഹിക്കുന്നതായും എം.എൽ.എമാർ പറഞ്ഞു. പയ്യോളി ശുദ്ധജല വിതരണ പ്രവൃത്തിക്ക് കാലതാമസം നേരിടുന്നതിനാൽ കൊയിലാണ്ടി ശുദ്ധജലവിതരണ പദ്ധതിയിൽനിന്ന് പൈപ്പ്ലൈൻ ദീർഘിപ്പിക്കുന്ന കാര്യത്തിൽ വിശദമായ സർവേ നടത്തി ആഗസ്റ്റ് 15നകം പ്രാഥമിക റിപ്പോർട്ട് നൽകുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കുഞ്ഞിപ്പള്ളി റെയിൽവേ മേൽപാല നിർമാണം പ്രാഥമിക പ്രവൃത്തി ആരംഭിച്ചതായും മഴക്കു ശേഷം പണി പൂർത്തിയാക്കുമെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കടലുണ്ടി ചാലിയം റോഡിൽ ൈകയേറ്റം കണ്ടെത്തിയ സ്ഥലങ്ങളിൽ ഒരുഭാഗം ഒഴിപ്പിച്ചതായും രണ്ടാമത്തെ ഭാഗം പ്രവൃത്തി പുരോഗമിച്ചു വരുകയാണെന്നും കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ കാലതാമസം നേരിടുകയാണെന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജില്ലയിലെ വില്ലേജ് ഓഫിസുകൾക്ക് ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു ലാപ്ടോപ് അനുവദിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ല കലക്ടർ യു.വി. ജോസ് ആവശ്യപ്പെട്ടു. ജില്ല വികസന സമിതിയിൽ എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, പി.ടി.എ റഹിം, വി.കെ.സി മമ്മദ് കോയ, ജോർജ് എം. തോമസ്, കാരാട്ട് റസാഖ്, ജില്ല പ്ലാനിങ് ഓഫിസർ എം.എ ഷീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.