പ്രത്യേക ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കി; എട്ടുപേർക്ക് പരിക്ക്

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് ഗ്രാമസഭ ക്വാറി മാഫിയ അലങ്കോലമാക്കുകയും സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരെ മർദിക്കുകയും ചെയ്തു. പുവ്വത്തുംചോല ജ്യോതി ലക്ഷ്മി (32), തറോൽ മീത്തൽ രാജേഷ് (38), പുവ്വത്തുംചോല ജിഷ പ്രമോദ് (38), അരീക്കര ഷിനിജ (39), പുവ്വത്തുംചോല അരുൺകുമാർ (28), ബിജു കൊളോറക്കണ്ടി (40), അരീക്കര ദിലീഷ് കുമാർ (39), പീടികക്കക്കോട്ട് മീത്തൽ സത്യൻ (38) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ക്വാറിവിരുദ്ധ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ഓച്ചുമ്മൽ രാജേഷ് (38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം തുടങ്ങുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നാവശ്യപ്പെട്ട് വാർഡിലെ വോട്ടർമാർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഗ്രാമസഭ വിളിച്ചത്. പ്രമേയം പാസാവുന്നതു തടയാൻ ക്വാറി മാഫിയയുടെ ആളുകൾ ബഹളം വെക്കുകയും ഖനന വിരുദ്ധ പ്രവർത്തകരെ മർദിക്കുകയുമായിരുന്നു. ഗ്രാമസഭ അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനം കൈയേറിയാണ് രണ്ടാംവാർഡ് ആക്ഷൻ കമ്മിറ്റി ട്രഷററായ ബിജുവിനെയും രാജേഷിനെയും മർദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കൂട്ടാലിടയിൽ പ്രകടനം നടത്തി. ഗ്രാമസഭ അലങ്കോലമാക്കിയതിനെതിരെ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.