കൈത്തറിരംഗത്തേക്ക് കുടുംബശ്രീയും; യുവ വീവ് പദ്ധതിക്ക് നാളെ തുടക്കം

കോഴിക്കോട്: കൈത്തറി നെയ്ത്തു രംഗത്ത് നൂതന സാധ്യതകളൊരുക്കുന്ന യുവ വീവ് പദ്ധതിക്ക് ജില്ലയിൽ 16ന് തുടക്കമാകും. കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിനും കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി കൂടുതൽ യുവതീ യുവാക്കളെ ഈ മേഖലയിൽ സംരംഭകരാക്കി മാറ്റുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് യുവ വീവ്. പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി അധ്യക്ഷത വഹിക്കും. കുടുംബശ്രീ മിഷനും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. യന്ത്രത്തറിയുടെ വ്യാപനവും ഉപഭോഗത്തിൽ വന്ന മാറ്റങ്ങളും നിമിത്തം പ്രതിസന്ധിയിലായ കൈത്തറി മേഖലയെ കരകയറ്റാനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. കൈത്തറി നെയ്ത്ത് മേഖലയിൽ തൽപരരായ 18 നും 40 വയസ്സിനുമിടയിൽ പ്രായമുള്ള യുവതീ യുവാക്കളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കി വിദഗ്ധ നെയ്ത്തുകാരാക്കി മാറ്റുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 25 ദിവസത്തെ പ്രായോഗിക പരിശീലനവും ഇതിനു ശേഷം മൂന്നുമാസത്തെ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിശീലന കാലയളവിൽ പ്രതിദിനം 200 രൂപ സ്റ്റൈപ്പൻറായി പരിശീലനാർഥികൾക്ക് ലഭ്യമാക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ 40 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഗുണഭോക്താക്കളെ കുടുംബശ്രീ സി.ഡി.എസുകൾ മുഖേനയാണ് കണ്ടെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 20 പേരടങ്ങുന്ന രണ്ട് ബാച്ചുകളിൽ ആദ്യത്തെ പരിശീലനത്തിനാണ് 16ന് തുടക്കം കുറിക്കുന്നത്. കക്കോടി ഗ്രാമപഞ്ചായത്തിൽ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർ വീവേഴ്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയിലാണ് പ്രായോഗിക പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.