മാനന്തവാടി: നാടിനെ നടുക്കിയ നവദമ്പതികളുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. നാട്ടിലാകെ കിംവദന്തികൾ പ്രചരിക്കുമ്പോഴും പഴുതടച്ച അന്വേഷണവുമായി മുന്നോട്ട് പോകുമ്പോഴും വ്യക്തമായ തെളിവു ലഭിക്കാതെ പൊലീസ് ഇരുട്ടിൽതപ്പുകയാണ്. കഴിഞ്ഞ ആറിന് പുലര്‍ച്ച രണ്ടു മണിയോെടയാണ് കണ്ടത്തുവയല്‍ പന്ത്രണ്ടാംമൈൽ വാഴയില്‍ ഉമ്മര്‍(27), ഭാര്യ ഫാത്തിമ(19) എന്നിവരെ കിടപ്പുമുറിയിൽ ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ പൊലീസ് സംഘത്തിെൻറ അന്വേഷണം പുരോഗമിക്കുന്നത്. ആറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. നാട്ടുകാർ ഏതു വിധേനയും കുറ്റവാളികളെ കണ്ടെത്തണമെന്ന പ്രാര്‍ഥനയുമായി അന്വേഷണ സംഘത്തിന് പൂര്‍ണ പിന്തുണ നൽകുന്നുണ്ട്. എന്നാൽ, ദിനംപ്രതി ഓരോ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. ഇത്തരം കഥകൾക്ക് പിന്നാലെ പോകാതെ പൊലീസ് ജാഗ്രതയോടെയാണ് നീങ്ങുന്നത്. രാഷ്ട്രീയ, മത, തീവ്രവാദ, ക്വട്ടേഷൻ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. അതിനിടയിലാണ് ഒരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയിരിക്കുന്ന കൊലപാതക കാരണം കണ്ടെത്താന്‍ കഴിയാതെ പൊലീസ് വിയര്‍ക്കുന്നത്. മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കൊല്ലപ്പെട്ട ഫാത്തിമയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍, കൊലപാതകിയുടേതായി ഉറപ്പിക്കാവുന്ന തെളിവുകള്‍ ഇവയിലൊന്നുപോലും കണ്ടെത്താനായിട്ടില്ല. സംഭവം നടന്ന വീടുപോലും കുടുംബത്തിന് വിട്ടുനല്‍കാതെ ഇവയിലെന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരന്തര നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സൈബർ, ഡോഗ്, ബോംബ്, വിരലടയാള വിഭാഗങ്ങളുടെയെല്ലാം സേവനം പൊലീസ് തേടുന്നുണ്ട്. മികച്ച ടീമാണ് അന്വേഷണം നടത്തുന്നതെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.