മുക്കം: കളൻതോട് കാമ്പസിലെ കെ.എം.സി.ടി പോളിടെക്നിക്, എൻജിനീയറിങ് എന്നീ കോളജുകളിലേക്കുള്ള വഴി, കളിസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വീണ്ടും രൂക്ഷമായി. ഇതേതുടർന്ന് പോളിടെക്നിക് വിഭാഗം വിദ്യാർഥികൾ തിങ്കളാഴ്ച ക്ലാസ് ബഹിഷ്കരിച്ച് സമരം ശക്തമാക്കി. പോളിടെക്നിക് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നേരത്തേ ഇരു കോളജിലേക്കുമുള്ള വഴി പ്രധാന ഗേറ്റിലൂടെയായിരുന്നു. പോളിടെക്നിക്കിലേക്ക് കടന്നുപോകണമെങ്കിൽ പ്രധാന വഴിയായ ഗേറ്റ് റോഡും ഒപ്പം ബൈപാസ് വഴിയും കടക്കണം. മെയിൻ ഗേറ്റിലൂടെ കാമ്പസിലേക്ക് കടന്നു വരുന്നതിൽ ഇരു വിഭാഗം വിദ്യാർഥികൾക്കിടയിൽ പലപ്പോഴും വാക്കേറ്റവും തർക്കവും പതിവായിരുന്നു. രണ്ടുതവണ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്താൽ കോളജ് അധികൃതർ ഇടപെട്ട് രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച മെയിൻ ഗേറ്റ് പൂർണമായും പൊളിച്ചുമാറ്റി മതിൽ കെട്ടിയടച്ചു. ഒരുവിധം പ്രശ്നം പരിഹരിച്ച് പോളിടെക്നിക് വിഭാഗത്തിന് ബദൽ റോഡ് തുറന്നു കൊടുത്തിരുന്നു. എൻജിനീയറിങ് വിഭാഗത്തിന് മറ്റൊരു വഴിയും സൃഷ്ടിച്ചിരുന്നു. പോളിടെക്നിക്കിനുള്ള റോഡിന് തീരെ വീതിയില്ലാത്തത് വാഹനങ്ങൾക്ക് കടന്നുപോകുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി വിദ്യാർഥികൾ ആക്ഷേപമുന്നയിച്ചിരുന്നു. പ്രശ്നം പലപ്പോഴും വീണ്ടും പുകയുകയായിരുന്നു. ഈ കാമ്പസിൽ പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾക്ക് കളിക്കാനും ഒരേ ഗ്രൗണ്ട് മാത്രമാണുള്ളത്. ഇതിൽ കളിയെ ചൊല്ലിയും പലപ്പോഴും പ്രശ്നങ്ങളുണ്ടാവാറുെണ്ടന്നാണ് വിദ്യാർഥികൾ പറയുന്നത്. 1800 വിദ്യാർഥികൾ പഠിക്കുന്ന കളൻതോട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ശരിയായ രീതിയിൽ കടന്നുപോകാൻ വീതിയുള്ള റോഡും, കളിസ്ഥലവും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ വീണ്ടും സമരരംഗത്തിറങ്ങിയത്. ഇതിനിടയിൽ തിങ്കളാഴ്ച പി.ടി.എ എക്സിക്യൂട്ടിവ് യോഗം വിളിച്ചുചേർത്തെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ബുധനാഴ്ച രാവിലെ 10.30ന് കെ.എം.സി.ടി അധ്യാപക രക്ഷാകർതൃസമിതിയുടെ അടിയന്തര യോഗം വീണ്ടും വിളിച്ചുചേർത്തതായി പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.