കരിഞ്ചോലമല ഉരുള്‍പൊട്ടല്‍: സഹായധനം വര്‍ധിപ്പിക്കമെന്ന് താലൂക്ക് വികസന സമിതി

താമരശ്ശേരി: കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം വര്‍ധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. കട്ടിപ്പാറയില്‍നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്രസൗകര്യം കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്നും റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിനും പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ എംസാൻറി​െൻറ ലഭ്യത കുറഞ്ഞ് നിർമാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ മുന്‍കാലങ്ങളിലെ പോലെ പുഴമണല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. മത്സ്യങ്ങളിലും പച്ചക്കറികളിലും വിഷാംശത്തി​െൻറ അളവ് കൂടുതലാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം. കിഴക്കോത്ത് പഞ്ചായത്തിനെയും കൊടുവള്ളി നഗരസഭയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം, താമരശ്ശേരി പഞ്ചായത്തിലെ കരിങ്ങമണ്ണ തൂക്കുപാലം എന്നിവ പ്രക്ഷോഭത്തില്‍ തകര്‍ന്നതിനാല്‍ പൊതുജനങ്ങള്‍ ദുരിതത്തിലാണെന്നും ഇവ പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. താലൂക്കിന് അനുവദിച്ച മുന്‍സിഫ് കോടതി ഉടന്‍ ആരംഭിക്കാനുള്ള നടപടി ഉണ്ടാവണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. അബ്ദുല്‍ ജബ്ബാര്‍, ജില്ല പഞ്ചായത്തംഗം എം.എ. ഗഫൂര്‍, വികസന സമിതി കണ്‍വീനറായ താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.വി. സെബാസ്റ്റ്യന്‍, ടി.കെ. മുഹമ്മദ്, സി.ടി. ഭരതന്‍, സലിം പുല്ലടി, ജോഷി മാത്യു, കെ. റുഖിയ ബീവി, പി.ടി. അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ പങ്കടുത്തു. ഉരുള്‍പൊട്ടല്‍: സ്വതന്ത്ര കര്‍ഷകസംഘം താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തി താമരശ്ശേരി: കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷകസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്ക് ഓഫിസിന് മുമ്പില്‍ ധർണ നടത്തി. കട്ടിപ്പാറക്ക് സ്‌പെഷല്‍ പാക്കേജ് അനുവദിക്കുക, കൃഷി നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കര്‍ഷകരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.പി മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ അഹമ്മദ് പുന്നക്കല്‍, സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുറഹിമാന്‍, ഹാജറ കൊല്ലരുകണ്ടി, കെ.എം അഷ്‌റഫ്, സി.വി. മൊയ്തീന്‍ഹാജി, കെ.കെ. അന്തു, സി.കെ. മൊയ്തീന്‍ഹാജി, കെ.കെ. സൂപ്പി, എ.വി മൊയ്തീന്‍കോയ, വി.കെ. അബ്ദുല്‍ മജീദ്, മാമുക്കുട്ടി മായനാട്, കെ.പി അന്ത്രു, കളത്തില്‍ ഇസ്മായില്‍, ഹാഫിസുറഹ്മാന്‍, ഹാരിസ് അമ്പായത്തോട്, എം.ടി. അയ്യൂബ്ഖാന്‍, അഷ്‌റഫ് കൂടത്തായി, പി.പി മുഹമ്മദ്കുട്ടി സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി നസീര്‍ വളയം സ്വാഗതവും എ.പി മൂസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.