മാപ്പിളത്തമാശകളുടെ പെരുമഴയിൽ മതിമറന്ന്​..

കോഴിക്കോട‌്: മാപ്പിളത്തമാശകൾ പറഞ്ഞും കേട്ടും മഴയത്ത് ടൗൺഹാളിൽ ഒരൊത്തുചേരൽ. തുടർന്ന് മാപ്പിളപ്പാട്ടിലലിഞ്ഞ സായാഹ്നവും. മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയാണ‌് 'മാപ്പിള തമാശയും പാട്ടിമ്പവും' സംഘടിപ്പിച്ചത‌്. രാവിലെ നടന്ന മാപ്പിളത്തമാശയിൽ തലശ്ശേരി, പൊന്നാനി, അരീക്കോട‌് തുടങ്ങി മലബാറിൽ പല വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഒന്നിച്ചിരുന്ന് ചിരിമഴ പെയ്യിച്ചു. നാട്ടിൽ പല ഭാഗത്ത് പ്രചാരത്തിലുള്ള മാപ്പിളത്തമാശകൾ ശേഖരിച്ച‌് പുസ‌്തകമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വട്ടമിട്ടിരുന്ന് ചിരിക്കഥകൾ പറയുേമ്പാൾ സദസ്സിലുള്ളവരും ഓർത്ത് 'കിസ'കൾ പറയുകയായിരുന്നു രീതി. ബാപ്പക്ക് കഷായം നല്ലോണം കുലുക്കിക്കൊടുക്കണമെന്ന് പറഞ്ഞപ്പോൾ ബാപ്പയെ പിടിച്ചുകുലുക്കി കുലുക്കി കഷായം വേണ്ടാതായ കിസയും ഉസ്താദ് സ്വർഗത്തിൽ പോവാൻ ഇഷ‌്ടമില്ലാത്തതെന്തേ എന്ന് ചോദിച്ചപ്പോൾ മദ്റസ വിട്ടാൽ വീട്ടിൽ പോകണം എന്ന മറുപടിയുമൊക്കെ പറഞ്ഞു പറഞ്ഞ് ടൗൺഹാൾ മതിമറന്ന് ചിരിച്ചു. ചിരിയും കളിയുമൊക്കെ കണ്ട് പുറത്തുള്ളവരും ഹാളിൽ പാഞ്ഞുകയറി. അക്കാദമിയിലെ വിദ്യാർഥികളാണ് 'പാട്ടിമ്പം' മാപ്പിള ഗാന സന്ധ്യയൊരുക്കിയത്. എം.എൻ. കാരശ്ശേരി, കെ.വി. അബൂട്ടി, കെ.പി. കുഞ്ഞിമൂസ, ഫൈസൽ എളേറ്റിൽ, കെ.സി. അബു, പ്രഫ. എ.പി. സുബൈർ, സി. ചന്ദ്രൻ പൊന്നാനി, കാനേഷ‌് പൂനൂർ, ഹൈദരലി പുലിക്കോട്ടിൽ, സലീം മുല്ലവീട്ടിൽ, കുഞ്ഞാലൻ കിഴിശ്ശേരി, അബ്ദുല്ലക്കുട്ടി അരീക്കോട‌്, ആർ.കെ. രാധാകൃഷ‌്ണൻ തുടങ്ങിയവർ സംഗമത്തിനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.