ദേശീയപാതയോട് ചേർന്ന് സ്വകാര്യ സ്ഥലത്ത് മാലിന്യക്കൂമ്പാരം

ഈങ്ങാപ്പുഴ: ദേശീയപാതയിൽ മലപുറം സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യക്കൂമ്പാരം. പകർച്ചപ്പനിയും പ്രതിരോധവുമായി നാട് നെട്ടോട്ടമോടുമ്പോഴാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിൽ ദേശിയപാതയോട് ചേർന്ന് മാലിന്യം കുമിഞ്ഞുകൂടുന്നത്. ഇത്തവണ ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് പുതുപ്പാടി പഞ്ചായത്തിലാണ്. അതിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ ശുചീകരണം നടക്കുമ്പോഴാണ് അധികൃതരുടെ മൂക്കിന് താഴെ മാലിന്യ കൂമ്പാരം. മാലിന്യം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ മാലിന്യം എങ്ങനെ എത്തുന്നുവെന്നത് വ്യക്തമല്ല. സ്ഥലത്ത് കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഒന്നിൽപോലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കാറുണ്ടെങ്കിലും മാസങ്ങളായി ഇവിടുത്തെ മാലിന്യം മാറ്റാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോൾ മാലിന്യശേഖരണം ആകെ താളംതെറ്റിയ അവസ്ഥയിൽ ആണെന്ന് നാട്ടുകാർ പറയുന്നു. ശുചീകരണം നടത്താത്ത വീട്ടുടമസ്ഥർക്കും തോട്ടം ഉടമസ്ഥർക്കും എതിരെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിച്ചിരുന്നു. ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ക്ലീൻ പുതുപ്പാടി ബോർഡ് അധികൃതർ സ്ഥാപിച്ചിട്ടുമുണ്ട്. പുതുപ്പാടിയിൽ ശുചീകരണവും മാലിന്യ സംസ്കരണവും മുറക്ക് നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും എങ്ങും എത്താത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ഇനിയും റിപ്പോർട്ടുകൾ ചെയ്യാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫിസർ പ്രസ്താവന ഇറക്കിയിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ അധികൃതർ നിസ്സംഗത തുടരുകയാണെങ്കിൽ മാരക രോഗങ്ങൾ ഇനിയും പുതുപ്പാടിയെ കീഴ്പ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.