ഉരുള്‍പൊട്ടലിനു മുമ്പും ശേഷവുമുള്ള വ്യക്തമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിന് ബംഗളൂരു നാഷനല്‍ റിമോട്ട് സെന്‍സിങ് സെൻററില്‍ അപേക്ഷ നല്‍കിയെന്ന് സബ് കലക്ടര്‍ താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) തയാറാക്കിയ വിശദമായ പഠന റിപ്പോര്‍ട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ കണ്‍വീനറായ സബ് കലക്ടര്‍ വി. വിഘ്നേശ്വരിക്കു സമര്‍പ്പിച്ചു. കട്ടിപ്പാറ കരിഞ്ചോലമലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തുടര്‍ച്ചയായുള്ള മഴയുമാണ് കരിഞ്ചോല ദുരന്തത്തിെൻറ പ്രധാന കാരണങ്ങളെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞരുടെ നിഗമനം. അറകളായുള്ള പാറക്കല്ലുകളുടെ അടിത്തറകളുടെ ബലത്തില്‍ വ്യതിയാനം സംഭവിച്ചതും മലമുകളിലെ കുറ്റിക്കാടുകളും മരങ്ങളും നീക്കംചെയ്തതും കൈയാലകള്‍ ഗതിമാറ്റിയതുമെല്ലാം ഉരുള്‍പൊട്ടലിനു കാരണമായിട്ടുണ്ട്. പാറക്കൂട്ടങ്ങളിലെ വിള്ളലുകൾ, കനം കുറഞ്ഞ മണ്ണ്, മണ്ണൊലിപ്പ് തുടങ്ങിയ സ്ഥിതിവിശേഷങ്ങള്‍ ദുരന്തത്തിനു ആക്കംകൂട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരിഞ്ചോല പ്രദേശത്ത് ഭൂമിയുടെ സ്വാഭാവിക വിനിയോഗത്തില്‍ മാറ്റംവരുത്തിയതും മണ്ണുമാന്തിയന്ത്രങ്ങളും മറ്റു ഖനന യന്ത്രസാമഗ്രികളും ഉപയോഗിച്ചതുമെല്ലാം ഉരുള്‍പൊട്ടലിനു കാരണമായേക്കാമെന്നുമാണ് കണ്ടെത്തൽ. കരിഞ്ചോലമലയില്‍ തടയണയടക്കമുള്ള അനധികൃത നിർമാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാൽ, നിർമാണ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് 14 പേർ മരിക്കാനിടയാക്കിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്ന് പറയാനാകില്ലെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. വി.പി. ദിനേശന്‍ പറഞ്ഞു. ഇതേ ദിവസംതന്നെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയിട്ടുണ്ടെന്നും കട്ടിപ്പാറ പൊതുവെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. പഠന റിപ്പോർട്ട് തിങ്കളാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന കരിഞ്ചോല ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. ദുരന്തം നടന്ന പ്രദേശത്തിെൻറ ഉരുള്‍പൊട്ടലിനു മുമ്പും ശേഷവുമുള്ള വ്യക്തമായ ചിത്രങ്ങൾ ലഭ്യമാക്കുന്നതിന് ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള ബംഗളൂരു നാഷനല്‍ റിമോട്ട് സെന്‍സിങ് സെൻററില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് ലഭ്യമാകുന്നമുറക്ക് ഉരുള്‍പൊട്ടലിനുള്ള കൃത്യമായ കാരണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.