പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

ഫറോക്ക്: നഗരസഭ ആരോഗ്യവിഭാഗം ഫറോക്ക് ടൗണിലും സമീപ സ്ഥലങ്ങളിലുമായി നടത്തിയ മിന്നൽ പരിശോധനയിൽ വിൽപനക്ക് വെച്ച ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങളും ഉപയോഗിച്ച് പഴകിയ എണ്ണയുമുൾപ്പെടെ നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫറോക്ക് ബസ്സ്റ്റാൻഡിന് സമീപത്തെ സെഞ്ച്വറി ഹോട്ടൽ, ടൗൺ സുന്നി മസ്ജിദിന് സമീപം സ്മിത ഹോട്ടൽ, റെയിൽവേ സ്റ്റേഷന് മുൻവശം ചാലിയാർ, കരുവൻതിരുത്തി ഫാത്തിമ, ഹിസ്മത്ത്, സ്മാർട്ട് എന്നീ ഹോട്ടലുകളിലും മുനിസിപ്പൽ ബസ്സ്റ്റാൻഡിലെ മിൽമ ബൂത്ത് ഉൾപ്പെടുന്ന കൂൾബാറിലുമായി ശനിയാഴ്ച രാവിലെ ഏഴു മുതൽ 9.30 വരെയായിരുന്നു പരിശോധന. സ്മിത, സ്മാർട് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഒന്നും പിടികൂടാനായില്ലെങ്കിലും ശുചിത്വ പരിപാലനത്തിൽ വീഴ്ച കണ്ടെത്തി. വിൽപനക്കുവെച്ച ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമായ ബീഫ്, കോഴി പൊരിച്ചത്, കോഴിക്കറി, മീൻ പൊരിച്ചത്, മീൻകറി തുടങ്ങിയവയും മത്സ്യവും പലഹാരവും പൊരിച്ച് വീണ്ടും ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ച പഴകിയ എണ്ണ എന്നിവയാണ് ഹോട്ടലിൽനിന്ന് പിടിച്ചെടുത്തത്. മിൽമ ബൂത്തിൽ വിൽപനക്കായി സൂക്ഷിച്ച 25 ലിറ്ററോളം പഴയ ജൂസുമാണ് കസ്റ്റഡിയിലെടുത്തത്. നഗരസഭാ പ്രദേശത്തെ ഹോട്ടലുകളിലും ശീതളപാനീയ വിൽപന കേന്ദ്രങ്ങൾ, ബേക്കറികൾ എന്നിവയിൽ പഴകിയ ഭക്ഷണവും ജ്യൂസുകളും വിതരണം ചെയ്യുന്നതായുള്ള പൊതുജനങ്ങളുടെ വ്യാപക പരാതിയെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരുടെ നിർദേശത്തെ തുടർന്നായിരുന്നു ആരോഗ്യ വിഭാഗത്തി​െൻറ മിന്നൽ പരിശോധന നടത്തിയത്. മിക്ക സ്ഥാപനങ്ങളും ഭക്ഷണം പാകംചെയ്യുന്നത് ശുചിത്വം പാലിക്കാതെ ഏറെ വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്. ചിലർക്ക് താക്കീതുനൽകി. പിടിച്ചെടുത്ത ഭക്ഷണം നഗരസഭാ കാര്യാലയത്തിലെത്തിച്ച് നശിപ്പിച്ചു. സ്ഥാപന ഉടമകൾക്ക് പിഴയും ചുമത്തി. നഗരസഭാ ആരോഗ്യവിഭാഗം മേധാവി സൈതലവി മെനായിക്കോട്ട്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.