കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എതിർപ്പുകൾ പരിഹരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും എം.എൽ.എമാർ നേതൃത്വം നൽകണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലയിലെ മുഴുവൻ എം.പിമാരെയും എം.എൽ.എമാരെയും പ്രശ്നമുള്ള പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപന പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി മാർച്ച് 17ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം വിളിക്കും. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി വയനാട് ചുരത്തിൽ ജില്ല പഞ്ചായത്ത് സി.സി ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് പ്രസിഡൻറ് ബാബു പറശ്ശേരി അറിയിച്ചു. ചുരത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നേരത്തേ സന്നദ്ധ സംഘടനകളും മറ്റും ആവശ്യപ്പെട്ടിരുന്നു. വടകര ജില്ല ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണം സ്തംഭിക്കാനിടയായ സാഹചര്യം കലക്ടർ യു.വി. ജോസ് നേരിട്ട് പരിശോധിക്കും. ജപ്പാൻ കുടിവെള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഉടൻതന്നെ പുനരവലോകന യോഗം നടത്താനും തീരുമാനമായി. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പി.ടി.എ. റഹീം എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന ബാലാവകാശ കമീഷൻവരെ ഉത്തരവ് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതിയിൽനിന്ന് വടകരയിലെ കനാൽ ശൃംഖലയിലേക്ക് വെള്ളമെത്തുന്നതിനുള്ള തടസ്സം പരിഹരിക്കണമെന്നും വടകരയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തണമെന്നും സി.കെ. നാണു എം.എൽ.എ ആവശ്യപ്പെട്ടു. കിടപ്പുരോഗികൾക്ക് വീടുകളിൽ പോയി അധാർ എൻറോൾമെൻറ് നടത്തിവരുന്നതായി അക്ഷയ ജില്ല േപ്രാജക്ട് മാനേജർ അറിയിച്ചു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, വി.കെ.സി. മമ്മദ് കോയ, പി.ടി.എ. റഹീം, കെ. ദാസൻ, ഇ.കെ. വിജയൻ, സി.കെ. നാണു, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുല്ല, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, മറ്റ് ജനപ്രതിനിധികൾ, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.