ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും കവർന്നത് 21 ജീവനുകൾ

കോഴിക്കോട്: കേരളം കണ്ടതിൽെവച്ച് ഏറ്റവും ഭീതിദമായ പ്രളയവും ഉരുൾപൊട്ടലും ജില്ലയിൽ ഇല്ലാതാക്കിയത് 21 ജീവനുകൾ. ഉരുൾപൊട്ടലിൽ രണ്ട് ജീവനുകളും വെള്ളപ്പൊക്കം, വൈദ്യുതാഘാതം എന്നിങ്ങനെയുള്ള മറ്റു മരണങ്ങളുമാണ് ആഗസ്റ്റ് ഒമ്പത് മുതൽ റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ 14ന് താമരശ്ശേരി കരിഞ്ചോല മലയിൽ ഉരുൾപൊട്ടലുണ്ടായി 14പേർ മരിച്ചതിനു പുറമേയാണിത്. പുതുപ്പാടി മട്ടിക്കുന്ന്, കണ്ണപ്പൻകുണ്ട് എന്നിവിടങ്ങളിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായത് ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലാണ്. മട്ടിക്കുന്നിൽ ഒമ്പതിന് മലവെള്ളപ്പാച്ചിലിൽ യുവാവ് കാറടക്കം ഒഴുക്കിൽപെട്ട് മരിച്ചു. കൂടരഞ്ഞിയിലുണ്ടായ ഉരുൾപൊട്ടലിലും രണ്ടു ജീവനുകൾ പൊലിഞ്ഞു. ജില്ലയിൽ ഈ കാലയളവിൽ ചെറുതും വലുതുമായ ഒരു ഡസനിലേറെ ഉരുൾപൊട്ടലും വ്യാപകമായ മലയിടിച്ചിലുമുണ്ടായി. താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, പുതുപ്പാടി, കക്കയം, തുടങ്ങിയ മലയോര മേഖലകളിലായിരുന്നു ഏറെയും. പ്രളയവും അനുബന്ധ ദുരന്തങ്ങളും ജില്ലയിൽ 171 വീടുകൾ പൂർണമായും 2700ഓളം വീടുകൾ ഭാഗികമായും തകർത്തു. നാലുകോടിയുടെ കൃഷിനാശമുൾെപ്പടെ 500കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. വിശദമായ കണക്കുകൾ തയാറാക്കുമ്പോൾ നഷ്്ടക്കണക്ക് വർധിക്കും. ആഗസ്റ്റ് 18ന് ജില്ലയിൽ 303 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 44,328 പേർ ഉണ്ടായിരുന്നു. 13,700 കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇത്. എന്നാൽ, തിങ്കളാഴ്ച രാവിലത്തെ കണക്ക് പ്രകാരം മൂന്ന് ക്യാമ്പുകളിലായി 35പേർ മാത്രമാണ് ഉണ്ടായിരുന്നത്. എട്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണിത്. പ്രളയം രൂക്ഷമായ ദിവസങ്ങളിൽ താമരശ്ശേരി ചുരമുൾെപ്പടെ ജില്ലയിലെ റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായിരുന്നു. ആദ്യദിനങ്ങൾ മുതൽ ജില്ല കലക്ടർ യു.വി. ജോസി​െൻറ ഏകോപനത്തിൽ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി സന്നദ്ധപ്രവർത്തകരും യുവാക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചതാണ് ജില്ലയിൽ ദുരന്തത്തി​െൻറ ആഴം കുറച്ചത്. രക്ഷാപ്രവർത്തന-ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ സജീവമായ ഇടപെടൽ കൂടാതെ മറ്റു ജില്ലക്കാർക്ക് സഹായഹസ്തങ്ങൾ നീട്ടുന്നതിലും കോഴിക്കോട്ടുകാർ മുൻപന്തിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.